ലീഡ് വഴങ്ങിയ ശേഷം രണ്ടാം പകുതിയുടെ അവസാന നിമിഷങ്ങളിൽ ഗംഭീര തിരിച്ചു വരവ് നടത്തിയ ഐസാൾ എഫ്സിക്ക് നാടകീയ വിജയം. സ്വന്തം തട്ടകത്തിൽ രാജസ്ഥാൻ യുനൈറ്റസിനെ ഒന്നിനെതിരെ രണ്ടു ഗോളുകൾ അവർ കീഴടക്കി. തർപ്വിയ, ഐവാൻ വെരാസ് എന്നിവർ ഐസാളിനായി ലക്ഷ്യം കണ്ടു. രാജസ്ഥാന്റെ ഗോൾ മമ്പറ്റലീവിന്റെ പേരിൽ കുറിച്ചു. വിജയത്തോടെ അഞ്ചാം സ്ഥാനത്തേക്ക് കയറാൻ ഐസാളിനായി. രാജസ്ഥാൻ ഒൻപതാമതാണ്.
പതിനാറാം മിനിറ്റിൽ ആതിഥേയരെ ഞെട്ടിച്ചു കൊണ്ട് രാജസ്ഥാൻ ലീഡ് എടുത്തു. സോകിറോവിന്റെ ഫ്രീകിക്കിൽ നിന്ന് മെമ്പറ്റലീവ് ആണ് ലക്ഷ്യം കണ്ടത്. പിന്നീട് സമനില നേടാൻ ഐസാളിന് എഴുപതിയൊന്നാം മിനിറ്റ് വരെ കാത്തിരിക്കേണ്ടി വന്നു. രാംസങ്ങയുടെ പാസിൽ ഹെഡർ ഉതിർത്ത് തർപ്വിയയാണ് ഐസാളിന്റെ ആദ്യ ഗോൾ നേടിയത്. മത്സരം സമനിലയിൽ അവസാനിക്കുമെന്ന് തോന്നിച്ച സമയത്ത്, ഇഞ്ചുറി ടൈമിന്റെ ഏഴാം മിനിറ്റിൽ ടീമിനായി ആദ്യ മത്സരത്തിന് ഇറങ്ങിയ ഐവാൻ വെരാസിന്റെ ഗോൾ എത്തി. പകരക്കാരനായി കളത്തിൽ എത്തിയതായിരുന്നു താരം. ഇതോടെ ആതിഥേയരെ പിടിച്ചു കെട്ടാമെന്ന രാജസ്ഥാന്റെ മോഹങ്ങൾ അവസാനിച്ചു.