മാഞ്ചസ്റ്റർ യുണൈറ്റഡ് എഫ് എ കപ്പിൽ അഞ്ചാം റൗണ്ടിലേക്ക് മുന്നേറി. മധ്യനിര താരം കസെമിറോയുടെ ഇരട്ട ഗോളിന്റെ ബലത്തിൽ 3-1 എന്ന സ്കോറിനാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് ഇന്ന് റീഡിംഗിനെ തോൽപ്പിച്ചത്.
ഇന്ന് എഫ് എ കപ്പിൽ ശക്തമായ ടീമിനെ തന്നെയാണ് ടെൻ ഹാഗ് അണിനിരത്തിയത്. ഓൾഡ്ട്രാഫോർഡിൽ റീഡിംഗ് തീർത്തും പ്രതിരോധത്തിൽ ആയിരുന്നു. മാഞ്ചസ്റ്റർ യുണൈറ്റഡ് നിരവധി അവസരങ്ങൾ ആദ്യ പകുതിയിൽ സൃഷ്ടിച്ചു എങ്കിലും കളി ഗോൾ രഹിതമായി തുടർന്നു. ആദ്യ പകുതിയിൽ ഒരു ഹെഡറിലൂടെ റാഷ്ഫോർഡ് വലയിൽ പന്ത് എത്തിച്ചിരുന്നു എങ്കിലും ആ ഗോൾ വാർ ഓഫ്സൈഡ് കാരണം നിഷേധിച്ചു.
രണ്ടാം പകുതിയിൽ തുടക്കത്തിൽ തന്നെ മാഞ്ചസ്റ്റർ യുണൈറ്റഡ് ലീഡ് എടുത്തു. 55ആം മിനുട്ടിൽ ആന്റണിയുടെ ഒരു ത്രൂ പാസ് ഒരു ചിപിലൂടെ കസെമിറോ വലയിൽ എത്തിച്ചു. കസെമിറോയുടെ മാഞ്ചസ്റ്റർ യുണൈറ്റഡ് ജേഴ്സിയിൽ മൂന്നാം ഗോളായിരുന്നു ഇത്. കസെമിറോ അവിടെ അടങ്ങിയില്ല. രണ്ടു മിനുട്ടുകൾക്ക് ശേഷം കസെമിറോയുടെ ഒരു ലോങ് റേഞ്ചറും വലയ്ക്ക് അകത്തേക്ക് കയറി. മാഞ്ചസ്റ്റർ യുണൈറ്റഡ് 2-0 റീഡിംഗ്.
65ആം മിനുട്ടിൽ കസെമിറോയെ ഫൗൾ ചെയ്തതിന് ആന്റി കാരോൾ ചുവപ്പ് വാങ്ങി പുറത്ത് പോവുക കൂടെ ചെയ്തതോടെ റീഡിംഗിന്റെ പോരാട്ടം അവസാനിച്ചു. അടുത്ത മിനുട്ടിൽ തന്നെ ഫ്രെഡിലൂടെ യുണൈറ്റഡ് മൂന്നാം ഗോൾ നേടി. ബ്രൂണോയുടെ ക്രോസിൽ നിന്ന് ഒരു ബാക്ക് ഫ്ലിക്കിലൂടെ ആയിരുന്നു ഫ്രെഡിന്റെ ഫിനിഷ്.
ഇതോടെ യുണൈറ്റഡ് പെലിസ്ട്രിയെയും ഗർനാചോയെയും കളത്തിൽ എത്തിച്ചു. 73ആം മിനുട്ടിൽ ഒരു കോർണറിൽ ഒരു ഗോൾ തിരിച്ചടിച്ച് റീഡിംഗ് ആശ്വാസം കണ്ടെത്തി.