2008-ൽ പുരുഷ ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ) വന്നപ്പോൾ വന്നതിനേക്കാൾ വലിയ തുകയ്ക്ക് ആണ് വനിതാ ഇന്ത്യൻ പ്രീമിയർ ലീഗിലെ ടീമുകൾക്ക് ആയുള്ള ആദ്യ ബിഡ് പൂർത്തിയാക്കിയത് എന്ന് ബി സി സി ഐ അറിയിച്ചു. അഞ്ച് ടീമുകൾക്ക് ആയി മൊത്തം ബിഡ് മൂല്യം 4,669 കോടി രൂപ ആണെന്നും ബി സി സി ഐ ഇന്ന് വ്യക്തമാക്കി. അഹമ്മദാബാദ്, മുംബൈ, ബെംഗളൂരു, ഡൽഹി, ലഖ്നൗ എന്നീ ഫ്രാഞ്ചൈസികൾ ആണ് ഉദ്ഘാടന വനിതാ പ്രീമിയർ ലീഗിൽ പങ്കെടുക്കുന്ന അഞ്ച് നഗരങ്ങൾ.
അദാനി ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള അഹമ്മദാബാദ് ഫ്രാഞ്ചൈസിക്ക് 1289 കോടി രൂപയായിരുന്നു ഏറ്റവും ഉയർന്ന ലേലം ലഭിച്ചത്. ഇന്ത്യവിൻ സ്പോർട്സ് പ്രൈവറ്റ് ലിമിറ്റഡ് 912.99 കോടി രൂപയ്ക്കാണ് മുംബൈ ഫ്രാഞ്ചൈസിയെ സ്വന്തമാക്കിയത്. ബംഗളൂരുവിലെ പുരുഷ ടീമിന്റെ ഉടമസ്ഥരായ റോയൽ ചലഞ്ചേഴ്സ് ഗ്രൂപ്പ് ടി20 ലീഗിന്റെ വനിതാ പതിപ്പിൽ 901 കോടി രൂപ ചെലവഴിച്ച് നഗരത്തിനായുള്ള ബിഡ് നേടി. പുരുഷ ടൂർണമെന്റിലെ ക്യാപിറ്റൽസ് ടീമിന്റെ ഉടമകളായ ജെഎസ്ഡബ്ല്യു ഗ്രൂപ്പ് ഡൽഹി ഫ്രാഞ്ചൈസിക്കായി 810 കോടി രൂപയ്ക്ക് ബിഡ് ചെയ്തു, ലഖ്നൗ ഫ്രാഞ്ചൈസി സ്വന്തമാക്കാൻ 757 കോടി രൂപ ചെലവഴിച്ച് കാപ്രി ഗ്ലോബലും ലീഗിന്റെ ഭാഗമായി. .