മലപ്പുറം സ്വദേശിയായ വിംഗർ അബ്ദുൽ റബീഹ് ഹൈദരബാദ് എഫ് സിയിൽ തുടരും. നിലവിലെ ഐഎസ്എൽ ചാമ്പ്യൻമാരായ ഹൈദരാബാദ് എഫ്സിയുമായി 2025-26 സീസൺ അവസാനം വരെ കരാർ നീട്ടാൻ റബീഹ് തീരുമാനിച്ചു. ഇതു സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനവും ഇന്ന് വന്നു.
2021 വേനൽക്കാലത്ത് ഹൈദരാബാദ് എഫ്സിയിൽ ചേർന്ന റബീഹ് അടുത്തിടെ പരിശീലകൻ ഷമീൽ ചെമ്പകത്തിന്റെ കീഴിൽ ഡ്യൂറൻഡ് കപ്പിൽ ശ്രദ്ധേയമായ പ്രകടനങ്ങൾ നടത്തിയിരുന്നു. യുവതാരം 2021-22 സീസണിൽ ഹൈദരബാദിന് ഒപ്പം ഇന്ത്യൻ സൂപ്പർ ലീഗ് ട്രോഫി നേടിയ ടീമിന്റെ ഭാഗമായിരുന്നു. നിലവിൽ, മനോലോ മാർക്വേസിന്റെ ടീമിന്റെ അവിഭാജ്യ ഘടകമായ റബീഹ് ഈ സീസണിൽ ഐഎസ്എല്ലിൽ 11 മത്സരങ്ങൾ കളിക്കുകയും 2 അസിസ്റ്റുകൾ നേടുകയും ചെയ്തിരുന്നു.
“ഈ ക്ലബ്ബിന്റെ ഭാഗമാകാൻ കഴിഞ്ഞതിൽ ഞാൻ വളരെ സന്തോഷവാനാണ്. ഞങ്ങളെല്ലാം ഇവിടെ ഒരു കുടുംബമാണ്, എല്ലാ ദിവസവും മെച്ചപ്പെടുത്താനും പഠിക്കാനും ഞങ്ങൾ ശ്രമിക്കുന്നു. ഞാൻ ഒരു മികച്ച കളിക്കാരനാകാൻ ആണ് ലക്ഷ്യമിടുന്നത്”, കരാർ ഒപ്പുവെച്ച ശേഷം 22-കാരൻ പറഞ്ഞു.