മൂന്ന് പെനാൽറ്റികൾ കണ്ട മത്സരത്തിൽ എഫ്സി ഗോവയെ സമനിലയിൽ തളച്ച് നോർത്ത് ഈസ്റ്റ് യുണൈറ്റഡ്. ഗുവഹാത്തിയിൽ നടന്ന മത്സരത്തിൽ രണ്ടു ഗോളുകൾ വീതമടിച്ചു ഇരു ടീമുകളും പിരിയുകയായിരുന്നു. നോർത്ത് ഈസ്റ്റിനായി ജോർദാൻ വിൽമാർ ഗിൽ ഇരട്ട ഗോളുകൾ നേടിയപ്പോൾ എഡു ബെഡിയ, ഐകർ ഗ്വാറോച്ചെന്ന എന്നിവർ ഗോവക്കായി വല കുലുക്കി. പോയിന്റ് പട്ടികയിൽ ഗോവ ആറാമതും നോർത്ത് ഈസ്റ്റ് അവസാന സ്ഥാനത്തും തുടരുകയാണ്.
ഗോവക്ക് തന്നെ ആയിരുന്നു ആദ്യ വിസിൽ മുതൽ മുൻതൂക്കം ഉണ്ടായിരുന്നത്. തുടക്കത്തിൽ തന്നെ നോവയുടെ ക്രോസ് മിർഷാദ് കുത്തിയകറ്റിയപ്പോൾ എഡു ബെഡിയയുടെ ഷോട്ടും കീപ്പർ തടുത്തു. തുടർച്ചയായ ആക്രമണങ്ങൾക്ക് ശേഷം മുപ്പത്തിയൊന്നാം മിനിറ്റിൽ ഗോവ ലീഡ് എടുത്തു. നോർത്ത് ഈസ്റ്റ് ബോക്സിൽ വട്ടം കറങ്ങിയ പന്ത് ബ്രണ്ടൻ ഫെർണാണ്ടസ് എഡു ബെഡിയക്ക് നൽകിയപ്പോൾ താരം ഉടനടി ഷോട്ട് ഉതിർത്തു. മിർഷാദ് മിച്ചുവിന്റെ കൈകളിൽ തട്ടി പന്ത് വലയിൽ എത്തി. ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമിൽ നോർത്ത് ഈസ്റ്റ് സമനില പിടിച്ചു. ബ്രണ്ടൻ ഫെർണാണ്ടസിന്റെ ഹാൻഡ് ബോൾ ആണ് പെനാൽറ്റിക്ക് കാരണമായത്. കിക്ക് എടുത്ത വിൽമാർ ഗില്ലിന് പിഴച്ചില്ല. രണ്ടാം പകുതിയിൽ ഗോവയോട് കൂടുതൽ പിടിച്ചു നിൽക്കുന്ന പ്രകടനമാണ് നോർത്ത് ഈസ്റ്റ് പുറത്തെടുത്തത്. അറുപത്തിയഞ്ചാം മിനിറ്റിൽ ഗോവ ഒരിക്കൽ കൂടി ലീഡ് നേടി. നോവ സദോയിയെ മിർഷാദ് വീഴ്ത്തിയപ്പോൾ റഫറി പെനാൽറ്റി സ്പോട്ടിലേക്ക് വിരൽ ചൂണ്ടുകയായിരുന്നു. ഗ്വാറോച്ചെന്ന അനായാസം ലക്ഷ്യം കണ്ടു. എഴുപതിയൊന്നാം മിനിറ്റിൽ വീണ്ടും നോർത്ത് ഈസ്റ്റ് സമനില ഗോൾ നേടി. പ്രഗ്യാൻ ഗോഗോയിയെ ഫാരെസ് വീഴ്ത്തിയതാണ് പെനാൽറ്റിക്ക് കാരണമായത്. ഇത്തവണയും ഗില്ലിന് പിഴച്ചില്ല. പെനാൽറ്റികൾ മത്സരം നിർണയിച്ചപ്പോൾ ഏഴ് മഞ്ഞക്കർഡുകളാണ് റഫറി പുറത്തെടുത്തത്.