രണ്ടാം ഇന്നിംഗ്സിലും സർവീസസിന്റെ ബാറ്റിങ് തകർത്ത് ജലജ് സക്സേന. 341 ലക്ഷ്യം പിന്തുടരുന്ന സർവീസസ് 20/0 എന്ന നിലയിലാണ് ഇന്ന് ബാറ്റിങ് പുനരാരംഭിച്ചത്. ലഞ്ചിന് പിരിയുമ്പോൾ 110/7 എന്ന നിലയിൽ പതറുകയാണ്. ഇനി മൂന്ന് വിക്കറ്റുകൾ കൂടെയേ വിജയത്തിന് ആവശ്യമുള്ളൂ.
കരുതലോടെ ബാറ്റിങ് തുടങ്ങിയ സർവീസസിന് ആദ്യ വിക്കറ്റ് ടീം സ്കോർ 61ൽ നിൽക്കെ നഷ്ടമായി. വൈശാഖ് ചന്ദ്രന്റെ പന്തിൽ സബ് ഫീൽഡറായ യുവതാരം ഷോൺ റോജർ ക്യാച്ച് എടുത്ത് ഓപ്പണർ എസ് ജി രോഹില്ലയെ (28 റൺസ്) പുറത്താക്കി.
പിന്നീടങ്ങോട്ട് സർവ്വം ജലജ് ജാലവിദ്യ! രവി ചൌഹാനെയും (7 റൺസ്) തുടർന്ന് വന്ന രാഹുൽ സിങിനെയും (7 റൺസ്) വിക്കറ്റിന് മുന്നിൽ കുടുക്കിയ ജലജ് സക്സേന, സർവീസസ് ക്യാപ്റ്റൻ രജത് പലിവാളിനെ റൺസൊന്നും എടുക്കും മുൻപേ തന്നെ സൽമാൻ നിസാറിന്റെ കൈകളിലേക്ക് എത്തിച്ചു. പിന്നീട്, കേരള ബൗളർമാരെ സമർത്ഥമായി നേരിട്ട്, അർധ ശതകം പൂർത്തിയാക്കി സർവീസസിനെ മുന്നോട്ട് നയിച്ച സുഫിയാൻ അലത്തെ (52 റൺസ്) റണ്ണൗട്ടാക്കിയതും ജലജ് സക്സേന തന്നെ. സുഫിയാൻ പുറത്താകുമ്പോൾ 5-98 എന്ന നിലയിൽ നിന്ന സർവീസസിനെ തന്റെ പന്ത്രാണ്ടാം ഓവറിൽ 2 വിക്കറ്റ് കൂടി വീഴത്തി സക്സേന 110/7 എന്ന നിലയിലേക്ക് താഴ്ത്തി. വിക്കറ്റ് കീപ്പർ എൽ എസ് കുമാറിന്റെ (5 റൺസ്) കുറ്റി തെറിപ്പിച്ച ശേഷം, പുൽകിത് നാരംഗിനെ (6 റൺസ്) സൽമാൻ നിസാറിന്റെ കൈകളിലേക്ക് എത്തിച്ച് തന്റെ 5 വിക്കറ്റ് നേട്ടവും, ഇതുവരെ വീണ ഏഴു വിക്കറ്റിൽ ആറിലും തന്റെ പേര് കുറിച്ചു.ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ സക്സേനയുടെ 27മത് 5 വിക്കറ്റ് നേട്ടമാണിത്.
ഇനി രണ്ട് സെഷൻ കൂടെ ബാക്കി നിൽക്കെ കേരളത്തിന് മൂന്ന് വിക്കറ്റ് കൂടെ നേടിയാൽ വിജയം സ്വന്തമാക്കാം.