അഫ്ഗാനിസ്ഥാൻ ടി-20 ക്രിക്കറ്റ് ടീം ക്യാപ്റ്റനായി റാഷിദ് ഖാനെ വീണ്ടും നിയമിച്ച് അഫ്ഗാൻ ക്രിക്കറ്റ് ബോർഡ്. നിലവിലെ ക്യാപ്റ്റൻ മുഹമ്മദ് നബി, ഈ കഴിഞ്ഞ ലോകകപ്പോടെ കളി മതിയാക്കിയിരുന്നു. ഇത് രണ്ടാം തവണയാണ് റാഷിദ് ഖാന് ടീമിനെ നയിക്കാനുള്ള അവസരം ലഭിക്കുന്നത്. കഴിഞ്ഞ ജൂലൈയിൽ, ലോകകപ്പിലേക്കുള്ള അഫ്ഗാൻ ക്യാപ്ടനായി പ്രഖ്യാപിച്ചിരുന്നെങ്കിലും ടീം സെലക്ഷനിലെ അതൃപ്തി മൂലം ലോകകപ്പിന് ഒരുമാസം മുൻപ് റഷീദ് പിൻവാങ്ങുകയായിരുന്നു. തുടർന്നായിരുന്നു നബി ചുമതലയേറ്റത്.
റാഷിദ് ഖാൻ അഫ്ഗാനിസ്ഥാനിലെ സൂപ്പർ സ്റ്റാറാണെന്നും, ലോകമെമ്പാടുമുള്ള വിവിധ ടി-20 ലീഗ് കളിക്കുന്ന റാഷിദിന്റെ മത്സര പരിജയയവും, അനുഭവസമ്പത്തും ടീമിന് മുതൽകൂട്ടാവുമെന്നും അത് അഫ്ഗാൻ ക്രിക്കറ്റ് ടീമിനെ അടുത്ത തലത്തിലേക്ക് ഉയർത്താൻ സഹായകമാവുമെന്നും എസിബി ചെയർമാൻ മിർവൈസ് അഷറഫ് അഭിപ്രായപ്പെട്ടു.
“ക്യാപ്റ്റൻസി ഒരു വലിയ ഉത്തരവാദിത്തമാണ്. ഇതിന് മുൻപും ഞാൻ ഈ ടീമിനെ നയിച്ചിട്ടുണ്ട്. ഞങ്ങൾ പരസ്പര ധാരണയോടെയും ഒത്തിണക്കത്തോടെയും കളിക്കുന്ന ഒരു മികച്ച കൂട്ടം തന്നെയാണ്. രാജ്യത്തിന്റെ അഭിമാനം ഉയർത്താനും, കൂടുതൽ സന്തോഷം നൽകാനും ഞങ്ങളൊരുമിച്ച് നിന്ന് പ്രയത്നിക്കും” എന്ന് റാഷിദ് ഖാൻ പ്രതികരിച്ചു. ടെസ്റ്റ്, ഏകദിനം, ടി-20 എന്നീ മൂന്നു ഫോർമാറ്റിൽ മുൻപും അഫ്ഗാനെ നയിച്ചിട്ടുള്ള റാഷിദ് ഖാന്റെ ആദ്യ ദൗത്യം അടുത്ത വർഷം നടക്കുന്ന ഫെബ്രുവരിയിലെ യു എ ഇ പര്യടനമാണ്.