ലോകകപ്പ് കഴിഞ്ഞു പുനരാഭിച്ച ഫ്രഞ്ച് ലീഗിലെ ആദ്യ മത്സരത്തിൽ പി എസ് ജിക്ക് നാടകീയ വിജയം. മെസ്സി ഇല്ലാതെ എംവപ്പെയും നെയ്മറും അടങ്ങുന്ന പി എസ് ജി സ്ട്രാസ്ബർഗിനെ ആണ് നേരിട്ടത്. ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് വിജയിക്കാൻ പി എസ് ജിക്ക് ആയി. ഇഞ്ച്വറി ടൈമിൽ എംബപ്പെ നേടിയ ഗോളിനായിരുന്നു പി എസ് ജിയുടെ വിജയം. മത്സരത്തിൽ പെനാൾട്ടിക്ക് ആയി ഡൈവ് ചെയ്തതിന് നെയ്നർ ചുവപ്പ് കാർഡ് വാങ്ങുന്നതും കാണാൻ ആയി.
മത്സരം ആരംഭിച്ച് 14ആം മിനുട്ടിൽ തന്നെ പി എസ് ജി ലീഡ് എടുത്തിരുന്നു. നെയ്മറിന്റെ അസിസ്റ്റിൽ നിന്ന് ബ്രസീലിയൻ സെന്റർ ബാക്ക് മാർക്കിനോസ് ആണ് പി എസ് ജിക്ക് ലീഡ് നൽകിയത്. ഈ ലീഡ് മാർക്കിനോസ് തന്നെ കളയുന്നതും കാണാൻ ആയി. 51ആം മിനുട്ടിൽ മാർക്കിനോസിന്റെ സെൽഫ് ഗോളിൽ സ്റ്റ്രാസ്ബർഗ് പി എസ് ജിക്ക് ഒപ്പം എത്തി. മാർക്കിനോസിൽ തട്ടി ഒരു വലിയ ഡിഫ്ലക്ഷനോടെ ആണ് പന്ത് വലയിലേക്ക് കയറിയത്.
61ആം മിനുട്ടിലും 63ആം മിനുട്ടിൽ മഞ്ഞ കാർഡ് കണ്ട് നെയ്മർ ചുവപ്പ് കാർഡുമായി കളം വിട്ടു. നെയ്മറിന്റെ അവസാന മഞ്ഞ കാർഡ് അദ്ദേഹം പെനാൾട്ടിക്ക് വേണ്ടി ബോക്സിൽ ഡൈവ് ചെയ്തതിനായിരുന്നു. നെയ്മർ പുറത്ത് പോയതോടെ പി എസ് ജി പത്തു പേരായി ചുരുങ്ങി. അവസാനം എംബപ്പെ രക്ഷക്ക് എത്തി. ഇഞ്ച്വറി ടൈമിൽ ഒരു പെനാൾട്ടിയിലൂടെ എംബപ്പെ പി എസ് ജിയുടെ വിജയ ഗോൾ നേടി.
വിജയത്തോടെ 44 പോയിന്റുമായി ഒന്നാമത് നിൽക്കുകയാണ് പി എസ് ജി. ഒന്നാം സ്ഥാനത്ത് 8 പോയിന്റിന്റെ ലീഡ് അവർക്ക് ഉണ്ട്.