ഇന്ന് അർജന്റീനയുടെ വലിയ വിജയം അവർക്ക് ഫൈനൽ ഉറപ്പിച്ചു കൊടുത്തു. ഒരു ഗോളും ഒരു അസിസ്റ്റുമായി ഇതിഹാസ താരം ലയണൽ മെസ്സി തന്റെ മികവ് എല്ലാവർക്കും പതിവു പോലെ കാണിച്ചു തന്നു. എന്നാൽ ഇന്നത്തെ കളിയിലെ ഏറ്റവും വലിയ നിമിഷം ഏതെന്ന് ചോദിച്ചാൽ അത് ലയണൽ മെസ്സിയുടെ മൂന്നാം ഗോളിനായുള്ള അസിസ്റ്റ് ആണെന്ന് പറയേണ്ടി വരും. മെസ്സിയെ കൊണ്ട് ഇനി വൻ ഡ്രിബിളിംഗും മാജിക്ക് റണ്ണും പറ്റില്ല എന്ന് പറയുന്നവർ വരെ കയ്യടിച്ചു പോയ നിമിഷം
69ആം മിനുട്ടിൽ ലയണൽ മെസ്സി താൻ പകരം വെക്കാനില്ലാത്ത താരമാണെന്ന് ലോകത്തിന് ഒരിക്കൽ കൂടി കാണിച്ചു കൊടുക്കുക ആയിരുന്നു. വലതു വിങ്ങിൽ ടച്ച് ലൈനിലൂടെ പെനാൾട്ടി ബോക്സിലേക്ക് കയറിയ മെസ്സിയുടെ റൺ ഏവരെയും ഞെട്ടിച്ചു. ഈ ടൂർണമെന്റിലെ ഏറ്റവും മികച്ച ഡിഫൻഡർമാരിൽ ഒരാളായ ഗ്വാർഡിയോളിനെ മെസ്സി ഒരു നിമിഷം കൊണ്ട് തകർത്തു കളത്തു. മെസ്സിയുടെ ഡ്രോപ് ഷോൾഡർ മൂവ് ഗ്വാർഡിയോൾ പ്രതീക്ഷിച്ചില്ല. പിന്നെ ഒരു തിരിച്ചുവരവ് ക്രൊയേഷ്യൻ ഡിഫൻഡർക്ക് ഉണ്ടായിരുന്നില്ല.
ബോക്സിൽ വെച്ച് മെസ്സിയുടെ ഷോൾഡർ തൊട്ടു നോക്കാൻ മാത്രമെ അദ്ദേഹത്തിനായുള്ളൂ. മെസ്സി ഗ്വാർഡിയോളിന്റെ കാലുകൾക്ക് ഇടയിലൂടെ നൽകിയ പാസ് സ്വീകരിച്ച് വലയിലേക്ക് അടിക്കേണ്ട പണിയെ ഹൂലിയൻ ആൽവാരസിന് ഉണ്ടായുള്ളൂ. ഈ ലോകകപ്പിന്റെ എന്നല്ല ഏത് ലോകകപ്പിലെയും മികച്ച അസിസ്റ്റുകളുടെ കൂട്ടത്തിൽ ഈ മെസ്സി അസിസ്റ്റു ഉണ്ടാകും എന്ന് നിശ്ചയം.