ഗോൾ മഴ റെക്കോർഡ് ആയി പെയ്ത ഐഎസ്എൽ മത്സരത്തിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെ മൂന്നിനെതിരെ ഏഴു ഗോളുകൾക്ക് വീഴ്ത്തി ചെന്നൈയിന്റെ തേരോട്ടം. ഹാട്രിക് നേടിയ എൽ ഖയാതി, ഇരട്ട ഗോളുകൾ നേടിയ സ്ലിസ്കോവിച്ച് എന്നിവർ ചെന്നൈയിൻ പടയിൽ തിളങ്ങിയപ്പോൾ ജൂലിയസ് ദ്യുക്കറും ഒരു ഗോൾ നേടി. മറ്റൊരു ഗോൾ സെൽഫ് ഗോൾ ആയിരുന്നു. നോർത്ത് ഈസ്റ്റിന്റെ ഒൻപതാം തോൽവി ആയിരുന്നു മത്സരത്തിൽ നേരിട്ടത്. ചെന്നൈയിൻ പോയിന്റ് പട്ടികയിൽ ഏഴാം സ്ഥാനത്താണ്. നോർത്ത് ഈസ്റ്റ് അവസാന സ്ഥാനത്തു തന്നെയാണ്.
പതിനൊന്നാം മിനിറ്റിൽ ഖയാതിലൂടെ ചെന്നൈയിൻ തന്നെയാണ് ഗോൾ വേട്ടയ്ക്ക് തുടക്കമിട്ടത്. പ്രശാന്ത് ആയിരുന്നു അസിസ്റ്റ്. മുപ്പത്തിയാറാം മിനിറ്റിൽ ഗില്ലിന്റെ പെനാൽറ്റിയിലൂടെ നോർത്ത് ഈസ്റ്റ് ഒപ്പമെത്തി. എന്നാൽ പിന്നീട് ചെന്നൈയിൻ ഗോൾ മേളം നടത്തുന്നതിനാണ് ഗുവാഹതി സാക്ഷ്യം വഹിച്ചത്. നാൽപതാം മിനിറ്റിൽ എൽ ഖയാത്തിയും അഞ്ചു മിനിറ്റിനു ശേഷം സ്ലിസ്കോവിച്ചും ലക്ഷ്യം കണ്ടു. രണ്ടാം പകുതിയിൽ ചെന്നൈയിൻ നിർത്തിയേടത്തു നിന്നും തുടങ്ങി. നാല്പത്തിയെട്ടാം മിനിറ്റിൽ എൽ ഖയാത്തി ഹാട്രിക് തികച്ചു. പിന്നീട് സ്ലിസ്കോവിച്ചും ദ്യുക്കറും ലക്ഷ്യം കണ്ടതോടെ നോർത്ത് ഈസ്റ്റ് മറ്റൊരു തോൽവി കൂടി ഉറപ്പിച്ചു.
സോഹർലിയാനയുടെ സെൽഫ് ഗോളും ചെന്നൈയിന്റെ അക്കൗണ്ടിൽ എത്തി. ഫിലിപോറ്റക്സ് എഴുപത്തി മൂന്നാം മിനിറ്റിൽ നോർത്ത് ഈസ്റ്റിന്റെ രണ്ടാം ഗോൾ കണ്ടെത്തി. തൊണ്ണൂറാം മിനിറ്റിൽ റോക്കാർസല്ല ഒരു ഗോളുമായി നോർത്ത് ഈസ്റ്റിന്റെ തോൽവി ഭാരം കുറച്ചു.