350/7 എന്ന കൂറ്റന്‍ സ്കോര്‍ പിന്തുടര്‍ന്ന ആസാം അവസാനം വരെ പൊരുതി നോക്കിയെങ്കിലും 12 റൺസ് വിജയവുമായി മഹാരാഷ്ട്ര വിജയ് ഹസാരെ ട്രോഫി ഫൈനലില്‍. ഇന്ന് റുതുരാജ് ഗായക്വാഡും(168), അങ്കിത് ഭാവനെയും(110) നേടിയ ശതകങ്ങളുടെ മികവിൽ വലിയ ലക്ഷ്യമാണ് മഹാരാഷ്ട്ര ആസാമിന് മുന്നിൽ വെച്ചത്.
95 റൺസ് നേടിയ സ്വരുപം പുര്‍കായാസ്തയും 78 റൺസ് നേടിയ സിബശങ്കര്‍ റോയിയും ചേര്‍ന്ന് ആസാമിന് പ്രതീക്ഷ നൽകിയെങ്കിലും രാജ്വര്‍ദ്ധന്‍ ഹംഗാര്‍ഗേക്കര്‍ നിര്‍ണ്ണായക വിക്കറ്റുകള്‍ വീഴ്ത്തി മഹാരാഷ്ട്രയ്ക്ക് മേൽക്കൈ നേടിക്കൊടുത്തു.
53 റൺസ് നേടിയ റിഷവ് ദാസ് ആണ് മറ്റൊരു പ്രധാന സ്കോറര്‍. കഴിഞ്ഞ മത്സരത്തിലെ പോലെ ബൗളിംഗിൽ തിളങ്ങിയ രാജ്‍വര്‍ദ്ധന്‍ ഹംഗാര്‍ഗേക്കര്‍ 4 വിക്കറ്റാണ് നേടിയത്.
45ാം ഓവറിൽ സ്വരൂപത്തിന്റെ വിക്കറ്റ് വീഴ്ത്തിയ ഹംഗാര്‍ഗേക്കര്‍ ആസാമിന്റെ പ്രതീക്ഷകള്‍ എറിഞ്ഞിടുകയായിരുന്നു. അവസാന അഞ്ചോവറിൽ 46 റൺസ് മതിയായിരുന്നുവെങ്കിലും ആസാമിന്റെ കൈവശം രണ്ട് വിക്കറ്റ് മാത്രമാണുണ്ടായിരുന്നത്.
പിന്നീട് കൂടുതൽ വിക്കറ്റുകള്‍ നഷ്ടമായില്ലെങ്കിലും 338/8 എന്ന നിലയിൽ ആസാം ഇന്നിംഗ്സ് അവസാനിക്കുകയായിരുന്നു.
ഫൈനലില്‍ സൗരാഷ്ട്രയാണ് മഹാരാഷ്ട്രയുടെ എതിരാളികള്‍.