ഖത്തറിൽ ഇന്ന് ക്ലാസിക് മത്സരങ്ങൾ മാത്രം. ആദ്യ മത്സരത്തിൽ സെർബിയയും കാമറൂണും കളിച്ച ത്രില്ലറിനു പിറകെ ഇറങ്ങിയ ഘാനയും കൊറിയയും മറ്റൊരു ആവേശകരമായ മത്സരമാണ് ഫുട്ബോൾ പ്രേമികൾക്ക് നൽകിയത്. അഞ്ചു ഗോളുകൾ പിറന്ന മത്സരത്തിൽ ഘാന 3-2ന് വിജയിച്ചു. മുഹമ്മദ് കുദുസിന്റെ ഇരട്ട ഗോളുകൾ ആണ് ഘാനക്ക് വിജയം നൽകിയത്.
ദക്ഷിണ കൊറിയയെ ഞെട്ടിച്ച ആദ്യ പകുതിയാണ് ഇന്ന് ഖത്തറിലെ എജുക്കേഷൻ സിറ്റി സ്റ്റേഡിയത്തിൽ കാണാൻ ആയത്. പതിയെ കളിയിൽ താളം കണ്ടെത്തിയ ഘാന 24ആം മിനുട്ടിൽ ലീഡ് എടുത്തു. ജോർദൻ ആയു എടുത്ത ഒരു ഫ്രീകിക്ക് കൊറിയയുടെ പെനാൾട്ടി ബോക്സിൽ പ്രശ്നങ്ങൾ ഉണ്ടാക്കി. പന്ത് ക്ലിയർ ചെയ്യാൻ കൊറിയ പ്രയാസപ്പെടുന്നതിന് ഇടയിൽ സലിസു ഗോൾ നേടി കൊണ്ട് ഘാനയെ മുന്നിൽ എത്തിച്ചു. സ്കോർ 1-0
ആ ഗോൾ പിറന്ന് പത്ത് മിനുട്ടുകൾക്ക് ശേഷം വീണ്ടും ഘാന ഗോൾ നേടി. ഇത്തവണ യുതാരം മുഹമ്മദ് കുദൂസ് ആണ് ഘാനയ്ക്കായി വല ചലിപ്പിച്ചത്. ഈ ഗോളും ജോർദൻ അയുവിന്റെ ക്രോസിൽ നിന്നാണ് പിറന്നത്. 2-0
രണ്ടാം പകുതിയിൽ ആണ് കൊറിയയുടെ തിരിച്ചടി വന്നത്. 58ആം മിനുട്ടിൽ ചോ അവരുടെ ആദ്യ ഗോൾ നേടി. ലീ നൽകിയ ക്രോസ് ഒരു ഡൈവിംഗ് ഹെഡറിലൂടെ ചോ ലക്ഷ്യത്തിൽ എത്തിക്കുക ആയിരുന്നു. സ്കോർ 2-1
3 മിനുട്ടുകൾ കഴിഞ്ഞ് ചോ വീണ്ടും കൊറിയക്കായി വല കുലുക്കി. കിം ജിൻ സുവിന്റെ ക്രോസിൽ നിന്ന് ഒരു പവർ ഫുൾ ഹെഡറിലൂടെ ആയിരുന്നു രണ്ടാം ഫിനിഷ്. സ്കോർ 2-2..
ഘാന തളർന്നില്ല. അവർ 6 മിനുട്ടുകൾക്ക് അകം ലീഡ് തിരികെയെടുത്തു. യുവതാരം കുദുസ് തന്നെയാണ് വീണ്ടും ഘാനക്കായി ഗോൾ നേടിയത്. ഇനാകി വില്യംസ് ഒരു ഷോട്ട് മെസ് ടൈം ചെയ്തപ്പോൾ അത് കുദുസിന്റെ കാലുകളിലേക്ക് എത്തുകയും താരം ഒരു പിഴവും വരുത്താതെ വല കണ്ടെത്തുകയും ചെയ്തു. സ്കോർ 3-2.
ഇതിന് ശേഷം കൊറിയ നിരവധി അവസരങ്ങൾ ഉണ്ടാക്കി. ഘാന ഡിഫൻസും അറ്റിസിഗിയും ഏഷ്യൻ ടീമിന് തടസ്സമായി നിന്നു. ഇഞ്ച്വറി ടൈമിൽ മാത്രം രണ്ട് ഗംഭീര സേവുകൾ അറ്റിസിഗി നടത്തി.
രണ്ട് മത്സരങ്ങൾ കഴിഞ്ഞപ്പോൾ ഘാനക്ക് 3 പോയിന്റും കൊറിയക്ക് 1 പോയിന്റും ആണുള്ളത്. കൊറിയ അവസാന മത്സരത്തിൽ പോർച്ചുഗലിനെയും ഘാന ഉറുഗ്വേയെയും നേരിടും.