ചർച്ചിലിനെയും കീഴടക്കി റിയൽ കാശ്മീർ മുന്നേറ്റം

Nihal Basheer

ഐ ലീഗിൽ റിയൽ കാശ്മീർ എഫ് സിയുടെ അപരാജിത കുതിപ്പ് തുടരുന്നു. ചർച്ചിൽ ബ്രദേഴ്‌സിനെ എതിരില്ലാത്ത ഒരു ഗോളിന് വീഴ്ത്തി കശ്‌മീർ പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്തേക്ക് കയറി. നാല് മത്സരങ്ങളിൽ നിന്നും ടീമിന്റെ മൂന്നാം വിജയം ആണിത്. പകരക്കാരനായി എത്തിയ നൂറുദ്ധീൻ ആണ് നിർണായക ഗോൾ നേടിയത്. അതേ സമയം ഇതുവരെ ഒരേയൊരു സമനില മാത്രം കൈമുതലായുള്ള ചർച്ചിൽ പതിനൊന്നാം സ്ഥാനത്ത് തുടരുകയാണ്.

20221128 184416

ശ്രീനഗറിൽ പതിനഞ്ചാം മിനിറ്റിൽ തന്നെ ഗോൾ നേടാനുള്ള അവസരം ആതിഥേയർക്ക് കൈവന്നു. എന്നാൽ ഗോൾ കീപ്പർ മാത്രം മുന്നിൽ നിൽക്കെ നുഹുവിന്റെ ശ്രമം ലക്ഷ്യത്തിൽ നിന്നും അകന്ന് പോയി. സമുവലിന്റെ ബോക്സിന് പുറത്തു നിന്നുമുള്ള ഒന്നാന്തരമൊരു ഷോട്ട് കൈക്കലാക്കി ആൽബിനോ ചർച്ചിലിന്റെ രക്ഷക്കെത്തി. റിയൽ കശ്മീർ അവസരങ്ങൾ തുറന്നെടുത്തെങ്കിലും ആദ്യ പകുതിയിൽ ഗോൾ നേടാൻ ആയില്ല. എഴുപതിയാറാം മിനിറ്റിലാണ് വിജയ ഗോൾ എത്തിയത്. ക്രോസിലൂടെ എത്തിയ ബോളിൽ ഹെഡർ ഉതിർത്ത് ഇബ്രാഹീം നൂറുദ്ധീൻ നിർണായകമായ മൂന്ന് പോയിന്റുകൾ റിയൽ കാശമീരിന് സമ്മാനിച്ചു.