‘മഹ്സ അമിനി’ ജേഴ്സി ആരാധകയിൽ നിന്നു പിടിച്ചു വാങ്ങി ഖത്തർ അധികൃതർ

Wasim Akram

ഇറാനിൽ ഹിജാബ് ധരിക്കാത്തതിനു ഇറാന്റെ ക്രൂരമായ സദാചാര പോലീസ് കൊലപ്പെടുത്തിയ മഹ്സ അമിനിയുടെ പേരും വയസ്സും രേഖപ്പെടുത്തി സ്റ്റേഡിയത്തിൽ എത്തിയ ആരാധികയിൽ നിന്നു ജെഴ്‌സി പിടിച്ചു മാറ്റി ഖത്തറിലെ സ്റ്റേഡിയം അധികൃതർ. വെയിൽസ്, ഇറാൻ മത്സരത്തിൽ പ്രതിഷേധ സൂചകമായി ഗാലറിയിൽ ‘മഹ്സ അമിനി 22’ എന്നു എഴുതിയ ജെഴ്‌സിയും ആയി എത്തിയ ആരാധികയെയും പങ്കാളിയെയും സ്റ്റേഡിയത്തിൽ നിന്നു പുറത്താക്കിയത് ആയും അറസ്റ്റ് ചെയ്യപ്പെട്ടത് ആയും സൂചനയുണ്ട്. വലിയ പ്രതിഷേധം ഉയർത്തുന്ന നടപടി ആണ് ഖത്തറിൽ നിന്നു ഉണ്ടായത്.

20221126 014143

മഹ്സ അമിനിയുടെ മരണ ശേഷം വലിയ പ്രതിഷേധം ആണ് ഇറാനിൽ ജനങ്ങൾ സ്വാതന്ത്ര്യത്തിന് ആയി നടത്തിയത്. എന്നാൽ ഇതിനെ ക്രൂരമായി ഇറാൻ ഭരണകൂടം അടിച്ചമർത്തുക ആണ്. നിരവധി പേർ ഇത്തരത്തിൽ ഭരണകൂടത്തിന്റെ കയ്യാൽ കൊല്ലപ്പെടുകയും ചെയ്തു. ഇതിൽ പ്രതിഷേധക്കാർക്ക് പിന്തുണ പ്രഖ്യാപിച്ചു ഇറാൻ ദേശീയ ടീം നായകൻ രംഗത്ത് വന്നിരുന്നു. തുടർന്ന് പ്രതിഷേധിച്ച് ഇറാൻ താരങ്ങൾ ദേശീയ ഗാനം പാടാൻ വിസമ്മതിച്ച കാഴ്ച ഈ ലോകകപ്പിലെ തന്നെ ഏറ്റവും ശക്തമായ രാഷ്ട്രീയ സന്ദേശം ആയിരുന്നു.