ബ്രസീൽ താരം നെയ്മർ ഗ്രൂപ്പ് ഘട്ടത്തിൽ ഇനി കളിക്കില്ല. താരത്തിന് ഇന്നലെ സെർബിയക്ക് എതിരായ മത്സരത്തിൽ പരിക്കേറ്റിരുന്നു. നെയ്മറും ഫുൾബാക്ക് ഡാനിലോയും ഗ്രൂപ്പ് ഘട്ടത്തിൽ ഇനി കളിക്കില്ല എന്ന് ബ്രസീലിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഇരുവർക്കും ആങ്കിൾ ഇഞ്ച്വറി ആണ്. സ്കാൻ റിസൾട്ടു വന്നതോടെയാണ് ഇരുവരും ഇനി ഗ്രൂപ്പ് ഘട്ടത്തിൽ കളിക്കില്ല എന്ന് തീരുമാനം ആയത്.
പരിക്ക് അത്ര സാരമുള്ളതല്ല എങ്കിലും നെയ്മറിന് ഗ്രൂപ്പ് ഘട്ടത്തിലെ അടുത്ത രണ്ട് മത്സരത്തിലും വിശ്രമം നൽകാൻ ആണ് ടിറ്റെ ആലോചിക്കുന്നത്. നെയ്മറിനെ സംരക്ഷിച്ച് നോക്കൗട്ട് ഘട്ടത്തിൽ പൂർണ്ണ ഫിറ്റ് ആയ നെയ്മറിനെ ഇറക്കാൻ ആകും എന്ന് ബ്രസീൽ പ്രതീക്ഷിക്കുന്നു.
ഇന്നലെ സെർബിയക്ക് എതിരെ രണ്ടാം പകുതിയിൽ ആയിരുന്നു നെയ്മറിന് പരിക്കേറ്റത്. നെയ്മർ കരഞ്ഞു കൊണ്ടാണ് കളം വിട്ടത്. നെയ്മറിന്റെ പരിക്ക് അത്ര ഭയപ്പെടേണ്ടതല്ല എന്നും നെയ്മർ ഈ ലോകകപ്പിൽ ഇനിയും കളിക്കും എന്നും ടിറ്റെ ഇന്നലെ മത്സര ശേഷം പറഞ്ഞിരുന്നു.
ബ്രസീൽ ഇനി സ്വിറ്റ്സർലാന്റിനെയും കാമറൂണെയും ആണ് ഗ്രൂപ്പിൽ നേരിടേണ്ടത്.