ഖത്തർ ലോകകപ്പ്: ഇന്ന് ദോഹയിൽ ഗ്രൂപ്പ് എയിൽ നടന്ന മത്സരത്തിൽ സെനഗലിനെ നെതർലന്റ്സ് പരാജയപ്പെടുത്തി. മറുപടിയില്ലാത്ത രണ്ടു ഗോളിനായിരുന്നു ഓറഞ്ച് പടയുടെ വിജയം. മത്സരം അവസാനിക്കാൻ 6 മിനുട്ട് മാത്രം ബാക്കിയിരിക്കെ ആയിരുന്നു നെതർലന്റ്സിന്റെ ആദ്യ ഗോൾ വന്നത്.
ഇന്ന് ദോഹയിൽ അൽ തുമാമ സ്റ്റേഡിയത്തിൽ ആദ്യ പകുതിയിൽ ഇരു ടീമുകളും ഒപ്പത്തിന് ഒപ്പം നിൽക്കുന്നതാണ് കണ്ടത്. നെതർലന്റ്സിന്റെ ആധിപത്യം പ്രതീക്ഷിച്ചവർ ആഫ്രിക്കൻ ചാമ്പ്യന്മാരെ വില കുറച്ച് കണ്ടു പോയെന്ന് പെട്ടെന്നു തന്നെ തിരിച്ചറിഞ്ഞു കാണും. ഇന്ന് മത്സരത്തിന്റെ 9ആം മിനുട്ടിൽ സെനഗലിൽ നിന്നാണ് ആദ്യ ഗോൾ ശ്രമം വന്നത്. സാർ എടുത്ത ഇടം കാലൻ ഷോട്ട് ഗോൾ പോസ്റ്റിന് മുകളിലൂടെ പുറത്ത് പോയി.
മറുവശത്ത് നെതർലന്റ്സ് നല്ല അവസരങ്ങൾ സൃഷ്ടിച്ചു എങ്കിലും അവരുടെ ഫൈനൽ ബോളുകൾ ദയനീയമായത് അവസരങ്ങൾ എവിടെയും എത്താതിരിക്കാൻ കാരണമായി. 24ആം മിനുട്ടിൽ ഒരിക്കൽ കൂടെ സാറിന്റെ നല്ല ഷോട്ട് കാണാൻ ആയി. ഇത്തവണ വാൻ ഡൈകിന്റെ തല കൊണ്ടുള്ള ബ്ലോക്ക് നെതർലന്റ്സിനെ രക്ഷിച്ചു.
ഇരു ടീമുകളും ആദ്യ പകുതിയിൽ കാര്യമായി ഗോൾ കീപ്പർമാരെ പരീക്ഷിച്ചില്ല എന്ന് പറയാം. ടാർഗറ്റിലേക്ക് എന്ന് പറയാൻ മാത്രം ഒരു ഷോട്ട് ടാർഗറ്റിലേക്ക് വന്നതുമില്ല. ആകെ ഒരു ഷോട്ട് ആണ് ടാർഗറ്റിലേക്ക് വന്നത്.
രണ്ടാം പകുതിയിൽ നെതർലന്റ്സ് മെംഫിസ് ഡിപായെ ഇറക്കി അറ്റാക്ക് ശക്തപ്പെടുത്താൻ ശ്രമിച്ചു. എങ്കിലും നെതർലന്റ്സിൽ നിന്ന് നല്ല അവസരങ്ങൾ വന്നില്ല. മത്സരത്തിന്റെ 65ആം മിനുട്ടിൽ ദിയ തൊടുത്ത ഷോട്ട് സേവ് ചെയ്യാൻ നൊപേർട് ഇത്തിരി പ്രയാസപ്പെടേണ്ടി വന്നു. മത്സരത്തിലെ ആദ്യ സേവ് ആയി ഇത്. 73ആം മിനുട്ടിൽ ഇദ്രിസ ഗുയെയുടെ ഷോട്ടും നൊപേർട് സേവ് ചെയ്തു.
അറ്റാക്കുകൾ കൂടുതൽ ചെയ്തത് സെനഗൽ ആണെങ്കിലും അവസാനം ഗോൾ കണ്ടെത്തിയത് നെതർലന്റ്സ് ആയിരുന്നു. 84ആം മിനുട്ടിൽ ഡിയോങ് നൽകിയ ക്രോസ് ഡിഫൻഡേഴ്സിന് ഇടയിലൂടെ കുതിച്ച് ഗോൾ കീപ്പറുടെ കയ്യിൽ പന്ത് എത്തുന്നതിന് തൊട്ടു മുമ്പ് കോഡി ഗാക്പോ ഹെഡ് ചെയ്ത് വലയിൽ എത്തിച്ചും ഗാക്പോയുടെ ലോകകപ്പ് അരങ്ങേറ്റൻ ആയിരുന്നു ഇത്. സ്കോർ 1-0.
ഈ ഗോളിന് ശേഷം സെനഗൽ തുടർ ആക്രമണങ്ങൾ നടത്തി എങ്കിലും ഗോളടിക്കാൻ മാനെയെ പോലൊരു താരം ഇല്ലാത്തത് സെനഗലിന് തിരിച്ചടിയായി. ഇഞ്ച്വറി ടൈമിന്റെ അവസാനം ക്ലാസൻ കൂടെ ഗോൾ നേടിയതോടെ വിജയം ഹോളണ്ട് ഉറപ്പിച്ചു. ആദ്യ ഗോൾ ശ്രമം മെൻഡി തടഞ്ഞു എങ്കിലും റീബൗണ്ടിൽ ക്ലാസൻ ഗോൾ നേടുക ആയിരുന്നു
ഇനി ഇക്വഡോറും ഖത്തറും ആണ് സെനഗലിനും നെതർലന്റ്സിനും മുന്നിൽ ഗ്രൂപ്പ് ഘട്ടത്തിൽ ഉള്ളത്.