ഇന്നത്തെ ലോകകപ്പ് കളികളിലെ രാഷ്ട്രീയം അധികം ആരും കാണാൻ സാധ്യതയില്ല. ശ്രദ്ധിച്ചാൽ തന്നെ, കൂടുതൽ പേരും കാണുക ആദ്യ കളിയിലെ പാശ്ചാത്യ രാജ്യങ്ങളും ഇറാനും തമ്മിലുള്ള രാഷ്ട്രീയമാകും. അതും ഇറാനിലെ ഇപ്പോഴത്തെ ഹിജാബ് സമരങ്ങളുമായി ബന്ധപ്പെടുത്തിയുള്ളതാകും. അതിനാൽ തന്നെ ടൂർണമെന്റ് സംഘാടകർ വളരെ ജാഗരൂകരാണ്. സ്റ്റേഡിയത്തിനു അകത്തു ഒരു വിധത്തിലുള്ള പ്രതിഷേധ, പ്രകോപന നടപടികളും കാണികളുടെ ഭാഗത്തു നിന്നുണ്ടാകാൻ അവർ സമ്മതിക്കില്ല. ഖത്തറിനെ സംബന്ധിച്ചു, സൗഹൃദ രാഷ്ട്രവും, അയൽ രാജ്യവുമായി ഇറാനെ പിണക്കുന്ന ഒന്നും അനുവദിക്കാൻ സാധിക്കില്ല. ആപൽഘട്ടങ്ങളിൽ ഒപ്പം നിന്ന രാജ്യം എന്ന നിലക്ക് കൂടി ഖത്തറിന് ഇറാനെ പിന്തുണച്ചേ മതിയാകൂ.
എങ്കിലും കാണികളിൽ നിന്ന്, പ്രത്യേകിച്ച് കുപ്രസിദ്ധരായ ഇംഗ്ലണ്ട് ഫാൻസിന്റെ ഭാഗത്തു നിന്നും, പ്രകടനങ്ങൾ എല്ലാവരും പ്രതീക്ഷിക്കുന്നുണ്ട്. ഈ കളി ഇംഗ്ലണ്ടിന് ജയിച്ചേ മതിയാകൂ, എതിരാളി ഇറാൻ ആയതു കൊണ്ട് മാത്രമല്ല. ഇന്നത്തെ മൂന്നാമത്തെ കളിയിൽ തങ്ങളുടെ സഹോദരങ്ങളായ വെയ്ൽസ് അറ്റ്ലാന്റിക്കിനു അപ്പുറത്തുള്ള ബന്ധുക്കളുമായുള്ള കളിയുണ്ട്. സഹോദരങ്ങൾ എന്നൊക്കെ പറയാമെന്നേയുള്ളൂ, കിട്ടുന്ന അവസരങ്ങളിൽ ഒക്കെ, രാഷ്ട്രീയത്തിലും, കളിക്കളത്തിലും, സായ്യിപ്പുമാരുടെ ഇടയിലെ ഇന്ത്യയും പാകിസ്ഥാനുമായാണ് ഇവർ പെരുമാറാറ്.
വെയ്ൽസിനെ എതിരിടുന്നത് യുഎസ് ആയത് കൊണ്ട് ആ കളിയിൽ ആര് ജയിച്ചാലും അത് ഇംഗ്ലണ്ടിന് പ്രശ്നമാണ്. അത് കൊണ്ട് അവർക്ക് ഇറാനെതിരെ ഒരു ജയം അനിവാര്യമാണ്. ഇറാനെതിരെ തോൽക്കുന്നത് ഇംഗ്ലണ്ടിന് ഇറാൻ രാഷ്ട്രീയത്തിന്റെ ഇപ്പോഴത്തെ പരിതസ്ഥിതിയിൽ ചിന്തിക്കാനും സാധിക്കില്ല. ഇറാനെ സംബന്ധിച്ചു ലോകകപ്പ് പോലൊരു അന്താരാഷ്ട്ര വേദിയിൽ തങ്ങളുടെ ശത്രു നിരയിൽ മുന്നിലുള്ള ഇംഗ്ലണ്ടിനോട് തോൽക്കുന്നത് ദേശീയ തലത്തിലും ക്ഷീണം ചെയ്യും. ഇതെല്ലാം കൊണ്ട് ആ കളി തീ പാറുന്ന ഒന്നാകും എന്ന കാര്യത്തിൽ സംശയം വേണ്ട. കളിത്തൂക്കം വച്ച് നോക്കുമ്പോൾ ഒരു ഇംഗ്ലണ്ട് ജയം തന്നെയാണ് എല്ലാവരും പ്രതീക്ഷിക്കുന്നത്, പക്ഷെ അവസാന വിസിൽ വരെ ഒന്നും പറയാൻ പറ്റില്ല.
വെയിൽസ് – യുഎസ് മത്സരത്തിൽ ഇതേ കാരണങ്ങളാൽ രണ്ട് കൂട്ടർക്കും ജയിച്ചേ മതിയാകൂ. ഇറാൻ ജയിച്ചാലും, ഇംഗ്ലണ്ട് ജയിച്ചാലും അതിനേക്കാൾ മുകളിലോ ഒപ്പമോ നിന്നില്ലെങ്കിൽ, മനസ്സുകൾ കൊണ്ടുള്ള കളികളിൽ അതൊരു ക്ഷീണമാകും. ഈ നാല് ഗ്രൂപ്പ് ബി ടീമുകൾ തമ്മിലുള്ള കളികളും അത് കൊണ്ട് കാണികൾക്കു രസകരമാകാനാണ് അവസരമൊരുക്കുന്നത്.
ഇതൊക്കെയാണെങ്കിലും, ഇന്നത്തെ രണ്ടാമത്തെ കളിയിൽ സെനഗലും നെതെർലൻഡ്സും തമ്മിലും കളി കടുക്കും. യൂറോപ്യൻ മേൽക്കോയ്മ കാണിക്കാൻ നെതെർലാൻഡ്സ് രണ്ടും കല്പിച്ചാകും ഇറങ്ങുക. മാനെ ഇല്ലെങ്കിലും, മറ്റ് പുള്ളി മാനുകൾ ആ കുറവ് കളിക്കളത്തിൽ കാണിക്കാതിരിക്കാൻ ശ്രമിക്കും എന്ന് തന്നെയാണ് സെനഗൽ ക്യാമ്പിൽ നിന്നും വരുന്ന വാർത്ത. മാനെയ്ക്ക് വേണ്ടിയാകും ഇന്ന് അവരുടെ കളി എന്നാണ് കേൾക്കുന്നത്. അടുപ്പിച്ചു അടുപ്പിച്ചുള്ള കളി കാണൽ കാണികളെ സംബന്ധിച്ചു കുറച്ചു ബുദ്ധിമുട്ടാകും. പിന്നെ ജിയോ സിനിമ ഉണ്ടല്ലോ എന്ന ഒരു സമാധാനം മാത്രമാണ് ഒരു പ്രതീക്ഷ!