ലോകകപ്പ് തുടങ്ങുന്നതിനു മുമ്പുള്ള അവസാന ലീഗ് വൺ മത്സരത്തിൽ വമ്പൻ ജയം കുറിച്ച് പി.എസ്.ജി. ലീഗിലെ 15 സ്ഥാനക്കാർ ആയ ഓക്സരെ എതിരില്ലാത്ത 5 ഗോളുകൾക്ക് ആണ് പാരീസ് തകർത്തത്. ലോകകപ്പിന് തൊട്ടു മുമ്പ് മെസ്സി,നെയ്മർ,എമ്പപ്പെ തുടങ്ങിയ വമ്പൻ താരങ്ങളെ ആദ്യ പതിനൊന്നിൽ ഇറക്കിയാണ് പാരീസ് ഇറങ്ങിയത്. ജയത്തോടെ ലീഗിൽ രണ്ടാം സ്ഥാനക്കാരും ആയുള്ള അകലം 5 പോയിന്റുകൾ ആക്കാനും പാരീസിന് ആയി. പാരീസ് ആധിപത്യം കണ്ട മത്സരത്തിൽ ഇടക്ക് എതിരാളികൾ അവരെ പരീക്ഷിക്കുകയും ചെയ്തു. മത്സരത്തിൽ 11 മത്തെ മിനിറ്റിൽ തന്നെ കിലിയൻ എമ്പപ്പെയിലൂടെ പാരീസ് മത്സരത്തിൽ മുന്നിലെത്തി. മെസ്സിയുടെ പാസിൽ നിന്നു നുനോ മെന്റസ് നൽകിയ പാസിൽ നിന്നാണ് എമ്പപ്പെ സീസണിലെ 19 മത്തെ ഗോൾ കണ്ടത്തിയത്.
രണ്ടാം പകുതിയിൽ ഗോൾ മഴ ആണ് കാണാൻ ആയത്. 51 മത്തെ മിനിറ്റിൽ നുനോ മെന്റസിന്റെ ക്രോസിൽ നിന്നു ഹെഡറിലൂടെ കാർലോസ് സോളർ പാരീസിന് രണ്ടാം ഗോളും സമ്മാനിച്ചു. 6 മിനിറ്റിനുള്ളിൽ കൗണ്ടർ അറ്റാക്കിൽ പാരീസിന്റെ മൂന്നാം ഗോളും പിറന്നു. കാർലോസ് സോളറിന്റെ ത്രൂ ബോളിൽ നിന്നു അഷ്റഫ് ഹകീമി ആണ് ഈ ഗോൾ നേടിയത്. തുടർന്ന് മെസ്സി, നെയ്മർ അടക്കമുള്ള താരങ്ങളെ പാരീസ് പിൻവലിച്ചു. 81 മത്തെ മിനിറ്റിൽ പകരക്കാർ ഒത്ത് ചേർന്നപ്പോൾ പാരീസിന് നാലാം ഗോൾ. ഹ്യൂഗോ എകിറ്റികയുടെ പാസിൽ നിന്നു റെനാറ്റോ സാഞ്ചസ് ആണ് ഈ ഗോൾ നേടിയത്. 3 മിനിറ്റിനുള്ളിൽ എതിർ പ്രതിരോധത്തിലെ പാളിച്ച മുതലെടുത്ത യുവതാരം ഹ്യൂഗോ എകിറ്റിക പി.എസ്.ജി ജയം പൂർത്തിയാക്കുക ആയിരുന്നു.