ജർമ്മൻ ബുണ്ടസ് ലീഗയിൽ വെർഡർ ബ്രമന് എതിരെ വമ്പൻ ജയവുമായി ബയേൺ മ്യൂണിക്. ഇരുപതാം മിനിറ്റിൽ സാദിയോ മാനെ പരിക്കേറ്റു പോയത് തിരിച്ചടി ആയെങ്കിലും ഒന്നിനെതിരെ ആറു ഗോളുകൾക്ക് ആണ് ബയേൺ ബ്രമനെ തകർത്തത്. ഹാട്രിക് നേടിയ ജർമ്മൻ താരം സെർജ് ഗനാബ്രിയാണ് ബയേണിനു ആയി മിന്നിതിളങ്ങിയത്. മത്സരത്തിൽ ബയേണിന്റെ വലിയ ആധിപത്യം ആണ് കാണാൻ ആയത്. ആറാം മിനിറ്റിൽ തന്നെ യുവതാരം ജമാൽ മുസിയാലയിലൂടെ ബയേൺ മത്സരത്തിൽ മുന്നിലെത്തി. എന്നാൽ നാലു മിനിറ്റിനുള്ളിൽ ബ്രമൻ ഗോൾ മടക്കി. മിച്ചൽ വൈസറിന്റെ പാസിൽ നിന്നു ആന്റണി യുങ് ആണ് ബ്രമന്റെ സമനില ഗോൾ നേടിയത്.
17 മത്തെ മിനിറ്റിൽ ഗനാബ്രിയെ വീഴ്ത്തിയതിനു റഫറി വാർ പരിശോധനക്ക് ശേഷം ബയേണിനു അനുകൂലമായി പെനാൽട്ടി വിധിച്ചു. എന്നാൽ തുടർച്ചയായ എട്ടാം മത്സരത്തിൽ ഗോൾ നേടാനായി പെനാൽട്ടി എടുത്ത എറിക് ചൗപോ മോട്ടിങിന്റെ പെനാൽട്ടി പവലങ്ക രക്ഷിച്ചു. 22 മത്തെ മിനിറ്റിൽ ഗോരസ്കെയുടെ ഷോട്ട് റീബൗണ്ട് ആയി ലഭിച്ച ഗനാബ്രി ഒരു അതിമനോഹരമായ ഷോട്ടിലൂടെ ബയേണിനെ വീണ്ടും മുന്നിൽ എത്തിച്ചു. നാലു മിനിറ്റിനു ശേഷം ബയേണിന്റെ അടുത്ത ഗോളും പിറന്നു. ഇത്തവണ ജോഷുവ കിമ്മിഷിന്റെ മികച്ച പാസിൽ നിന്നു ലിയോൺ ഗോരസ്കെ ബയേണിന്റെ മൂന്നാം ഗോൾ നേടി. 2 മിനിറ്റിനുള്ളിൽ നാലാം ഗോളും പിറന്നു. ഇത്തവണ മാനെക്ക് പകരക്കാരനായി എത്തിയ ലിറോയ് സാനെയുടെ പാസിൽ നിന്നു ഗനാബ്രി മത്സരത്തിലെ തന്റെ രണ്ടാം ഗോൾ സ്വന്തമാക്കി.
പിന്നീട് കുറെ നേരം ബയേണിനെ ഗോളടിക്കാതെ തടയാൻ ബ്രമന് ആയി. എന്നാൽ 82 മത്തെ മിനിറ്റിൽ ഗനാബ്രി തനിക്ക് അർഹതപ്പെട്ട ഹാട്രിക് ഗോൾ കണ്ടത്തി. മൊറോക്കൻ താരം നൗസയിർ മസറൗയിയുടെ പാസ് സ്വീകരിച്ച ഗനാബ്രി മൂന്നു താരങ്ങളെ ഡ്രിബിൾ ചെയ്തു മറികടന്നു ആണ് മത്സരത്തിലെ തന്റെ മൂന്നാം ഗോൾ നേടിയത്. 2 മിനിറ്റിനുള്ളിൽ പകരക്കാരനായി ഇറങ്ങിയ യുവതാരം മതിയസ് ടെൽ ബയേണിന്റെ ഗോൾ നേട്ടം പൂർത്തിയാക്കി. കൗണ്ടർ അറ്റാക്കിൽ മസറൗയിയുടെ തന്നെ പാസിൽ നിന്നായിരുന്നു ടെലിന്റെ ഗോളും പിറന്നത്. ലീഗിൽ 17 കാരന്റെ മൂന്നാം ഗോൾ ആയിരുന്നു ഇത്. വമ്പൻ ജയത്തോടെ ബയേൺ ഒന്നാം സ്ഥാനത്തെ മുൻതൂക്കം വർദ്ധിപ്പിച്ചു. അതേസമയം ഏഴാം സ്ഥാനത്ത് ആണ് ബ്രമൻ.