ജർമ്മൻ ബുണ്ടസ് ലീഗയിൽ തുടർച്ചയായ അഞ്ചാം മത്സരത്തിൽ ജയം കാണാനുള്ള ബൊറൂസിയ ഡോർട്ട്മുണ്ട് ശ്രമം പരാജയപ്പെട്ടു. വോൾവ്സ്ബർഗിന് മുന്നിൽ അവർ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് പരാജയപ്പെടുക ആയിരുന്നു. മത്സരത്തിൽ പന്ത് കൈവശം വക്കുന്നതിൽ ഡോർട്ട്മുണ്ട് മുന്നിട്ട് നിന്നെങ്കിലും അവസരങ്ങൾ കൂടുതൽ തുറന്നത് വോൾവ്സ്ബർഗ് ആയിരുന്നു. ഇടക്ക് ഒരു ശ്രമം ബാറിൽ തട്ടി മടങ്ങിയത് ഡോർട്ട്മുണ്ടിന് തിരിച്ചടിയായി.
മത്സരം തുടങ്ങി ആറാം മിനിറ്റിൽ തന്നെ വോൾവ്സ്ബർഗ് മത്സരത്തിൽ മുന്നിലെത്തി. കോർണറിൽ നിന്നു ലഭിച്ച അവസരം ഹെഡറിലൂടെ ഡച്ച് പ്രതിരോധതാരം മികി വാൻ ഡ വെൻ ഗോൾ ആക്കി മാറ്റുക ആയിരുന്നു. തുടർന്ന് സമനിലക്ക് ആയി ഡോർട്ട്മുണ്ട് നന്നായി പരിശ്രമിച്ചെങ്കിലും ഒന്നും ഫലം കണ്ടില്ല. ഒടുവിൽ ഇഞ്ച്വറി സമയത്ത് 91 മത്തെ മിനിറ്റിൽ പകരക്കാരനായി ഇറങ്ങിയ പാട്രിക് വിമ്മറിന്റെ പാസിൽ നിന്നു മറ്റൊരു പകരക്കാരൻ ലൂകാസ് നമച വോൾവ്സ്ബർഗ് ജയം പൂർത്തിയാക്കുക ആയിരുന്നു. നിലവിൽ ഡോർട്ട്മുണ്ട് ലീഗിൽ നാലാമത് തുടരുമ്പോൾ വോൾവ്സ്ബർഗ് എട്ടാം സ്ഥാനത്തേക്ക് കയറി.