എ.ടി.പി 1000 പാരീസ് മാസ്റ്റേഴ്സ് കിരീടം ഉയർത്തി 19 കാരനായ ഡാനിഷ് താരം ഹോൾഗർ റൂണെ. എല്ലാവരെയും ഞെട്ടിച്ചു ആണ് ഡാനിഷ് യുവതാരം തന്റെ കരിയറിലെ ആദ്യ മാസ്റ്റേഴ്സ് കിരീടം ഉയർത്തിയത്. ആറാം സീഡ് ആയ മുൻ ലോക ഒന്നാം നമ്പർ നൊവാക് ജ്യോക്കോവിച്ചിനെ ആദ്യ സെറ്റ് നഷ്ടമായ ശേഷം തിരിച്ചു വന്നു റൂണെ തോൽപ്പിക്കുക ആയിരുന്നു. ഇതോടെ റാങ്കിങിൽ ആദ്യ പത്തിലും ഡാനിഷ് താരം എത്തി. വലിയ താരങ്ങളെ വീഴ്ത്തി ഫൈനലിൽ എത്തിയ റൂണെക്ക് എതിരെ നിർണായക ബ്രേക്ക് കണ്ടത്തിയ ജ്യോക്കോവിച് ആദ്യ സെറ്റ് 6-3 നു നേടി.
എന്നാൽ രണ്ടാം സെറ്റിൽ അതേപോലെ തിരിച്ചടിച്ച റൂണെ ബ്രേക്ക് കണ്ടത്തി രണ്ടാം സെറ്റ് 6-3 നു നേടി മത്സരത്തിൽ ഒപ്പമെത്തി. മൂന്നാം സെറ്റിൽ ആദ്യം ബ്രേക്ക് കണ്ടത്താൻ ജ്യോക്കോവിച്ചിന് ആയെങ്കിലും അടുത്ത സർവീസിൽ തന്നെ യുവതാരം ബ്രേക്ക് തിരിച്ചു പിടിച്ചു. തുടർന്ന് ജ്യോക്കോവിച്ചിന്റെ അവസാന സർവീസ് ബ്രേക്ക് ചെയ്തു സെറ്റ് 7-5 നു സ്വന്തമാക്കി റൂണെ കിരീടം ഉയർത്തുക ആയിരുന്നു. 12 ബ്രേക്ക് പോയിന്റുകൾ സൃഷ്ടിച്ച ജ്യോക്കോവിച്ചിന് എതിരെ 2 ബ്രേക്ക് മാത്രം ആണ് റൂണെ വഴങ്ങിയത്. ഒരു ടൂർണമെന്റിൽ 5 ആദ്യ പത്ത് റാങ്കിലുള്ള താരങ്ങളെ തോൽപ്പിക്കുന്ന ആദ്യ താരമായും ടെന്നീസിന്റെ പുതിയ താരോദയം ആയ റൂണെ മാറി.