യൂറോപ്പ ലീഗ് ഗ്രൂപ്പ് എയിൽ ഒന്നാം സ്ഥാനത്തിന് ജയം അനിവാര്യമായ മത്സരത്തിൽ എഫ്.സി സൂറിച്ചിനെ എതിരില്ലാത്ത ഒരു ഗോളിന് മറികടന്നു ആഴ്സണൽ. വലിയ മാറ്റങ്ങളും ആയി ഇറങ്ങിയ ആഴ്സണലിന് ആയി ദീർഘകാലം പരിക്കേറ്റ് പുറത്തിരുന്ന മുഹമ്മദ് എൽനെനി ആദ്യ പതിനൊന്നിൽ കളിക്കാനും ഇറങ്ങി. മത്സരത്തിൽ ഉടനീളം തങ്ങളുടെ നിലവാരത്തിൽ ആഴ്സണൽ എത്തിയില്ല. 17 മത്തെ മിനിറ്റിൽ ബോക്സിന് പുറത്ത് കിട്ടിയ അവസരത്തിൽ ഉഗ്രൻ ഹാഫ് വോളിയിലൂടെ കിരേൺ ടിയേർണി ആഴ്സണലിന് വിജയഗോൾ സമ്മാനിക്കുക ആയിരുന്നു. മികച്ച ഗോൾ ആയിരുന്നു ഇത്.
ഇടക്ക് ലഭിച്ച അവസരങ്ങൾ ഗോൾ ആക്കി മാറ്റാൻ ഫാബിയോ വിയേരക്കും ആയില്ല. രണ്ടാം പകുതിയുടെ അവസാന നിമിഷങ്ങളിൽ സൂറിച്ചിൽ നിന്നു വലിയ വെല്ലുവിളി നേരിട്ടെങ്കിലും ആഴ്സണൽ ഗോൾ വഴങ്ങാതെ ജയം പിടിച്ചെടുക്കുക ആയിരുന്നു. പകരക്കാരനായി എത്തിയ ടോമിയാസുവിന്റെ പരിക്ക് ആണ് ആഴ്സണലിന്റെ ഏക ആശങ്ക. ഗ്രൂപ്പിലെ മറ്റെ മത്സരത്തിൽ ബോഡോയെ പി.എസ്.വി 2-1 നു മറികടന്നു. എങ്കിലും ഗ്രൂപ്പിൽ 15 പോയിന്റുകളും ആയി ആഴ്സണൽ ഒന്നാമത് എത്തുകയും അവസാന പതിനാറിൽ ഇടം പിടിക്കുകയും ചെയ്തു. രണ്ടാമത് എത്തിയ പി.എസ്.വി അവസാന 32 ൽ ചാമ്പ്യൻസ് ലീഗിൽ നിന്നു പുറം തള്ളപ്പെട്ട ടീമിനെ ആണ് നേരിടുക.