ചാമ്പ്യൻസ് ലീഗിൽ നിന്നും ഇതിനകം പുറത്തായ ബാഴ്സലോണ ഗ്രൂപ്പിലെ അവസാന മത്സരത്തിനിറങ്ങുന്നു. വിക്ടോറിയ പ്ലെസനെ നേരിട്ടു കൊണ്ടാണ് തുടർച്ചയായ രണ്ടാം സീസണിലും യൂറോപ്പ ലീഗിലേക്ക് ബാഴ്സ യാത്രയാവുന്നത്. പ്ലെസന്റെ തട്ടകത്തിൽ വെച്ച് നടക്കുന്ന മത്സരത്തിൽ സാവി ടീമിൽ കാര്യമായ പരീക്ഷണങ്ങൾക്ക് മുതിർന്നേക്കും. ബുധനാഴ്ച പുലർച്ചെ ഒന്നരക്കാണ് മത്സരം ആരംഭിക്കുന്നത്.
ലെവെന്റോവ്സ്കി, ബുസ്ക്വറ്റ്സ് എന്നിവർ ടീമിൽ ഇടം പിടിച്ചിട്ടില്ല. പരിക്കേറ്റ ജൂൾസ് കുണ്ടേ, എറിക് ഗർഷ്യ എന്നിവരും പുറത്താണ്. ഇലിയസ് ആഖോമാച്ച്, കസാദോ, ആൽവാരോ സാൻസ് തുടങ്ങി യുവതാരങ്ങളെ സാവി മത്സരത്തിനുള്ള ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. പ്രതിരോധത്തിൽ പിക്വേ, മർക്കോസ് അലോൻസോ എന്നിവരിൽ തന്നെ കോച്ചിന് വിശ്വാസമർപ്പിക്കേണ്ടി വരും. ലെവെന്റോവ്സ്കിയുടെ അഭാവത്തിൽ ഫെറാൻ ടോറസ് സ്ട്രൈക്കർ സ്ഥാനത്ത് എത്തും. പാബ്ലോ ടോറെ, ഫ്രാങ്ക് കെസ്സി എന്നിവർക്ക് കൂടുതൽ സമയം അനിവദിച്ചേക്കും. ഗവി തിരിച്ചെത്തുമ്പോൾ പെഡ്രിക്ക് ആവശ്യമായ വിശ്രമം അനുവദിക്കാനും ബാഴ്സക്ക് സാധിക്കും.