ടി20 ലോകകപ്പിന്റെ സൂപ്പർ 12ലെ ആദ്യ മത്സരത്തിൽ ന്യൂസിലൻഡിന് തകർപ്പൻ വിജയം. ഓസ്ട്രേലിയയെ 89 റൺസിനാണ് ന്യൂസിലൻഡ് പരാജയപ്പെടുത്തിയത്. ന്യൂസിലൻഡ് ഉയർത്തിയ 201 എന്ന വിജയ ലക്ഷ്യം പിന്തുടർന്ന ഓസ്ട്രേലിയക്ക് 111 റൺസ് മാത്രമേ എടുക്കാമായുള്ളൂ. തുടക്കം മുതൽ ചെറിയ ചെറിയ ഇടവേളകളിൽ വിക്കറ്റുകൾ വീണത് ഓസ്ട്രേലിയക്ക് തിരിച്ചടിയായി.
28 റൺസ് എടുത്ത മാക്സ്വെലും 21 റൺസ് എടുത്ത കമ്മിൻസും മാത്രമാണ് കുറച്ചെങ്കിലും ടീമിനായി തിളങ്ങിയത്. വാർണർ 5, ഫിഞ്ച് 11, സ്റ്റോയിനിസ് 7, വേഡ് 2, ടിം ഡേവിഡ് 11, മാർഷ് 16 എന്നിവർ തീർത്തും നിരാശപ്പെടുത്തി.
ന്യൂസിലൻഡിനായി സാന്റ്നറും സൗത്തിയും 3 വിക്കറ്റും ബൗൾട്ട് 2 വിക്കറ്റും വീഴ്ത്തി. സോദി, ഫെർഗൂസൺ എന്നിവർ ഒരോ വിക്കറ്റും വീഴ്ത്തി.
ആദ്യം ബാറ്റു ചെയ്ത ന്യൂസിലൻഡ് 3 വിക്കറ്റ് നഷ്ടത്തിൽ 200 റൺസ് ആണ് അടിച്ചു കൂട്ടിയിരുന്നത്. ഓപ്പണർമാരായ ഫിൻ അലനും കോൺവേയും ആണ് ഓസ്ട്രേലിയൻ ബൗളർമാരെ തലങ്ങും വിലങ്ങും അടിച്ചു പറത്തിയത്. ഫിൻ അലൻ 16 പന്തിൽ 42 റൺസ് അടിച്ചു. 3 സിക്സും 5 ഫോറും താരത്തിന്റെ ഇന്നിങ്സിൽ ഉൾപ്പെടുന്നു.
കോൺവേ 58 പന്തിൽ 92 റൺസുമായി ടോപ് സ്കോറർ ആയി. 2 സിക്സും 7 ഫോറും കോണ്‍വേയുടെ ഇന്നിങ്സിൽ ഉൾപ്പെടുന്നു. ക്യാപ്റ്റൻ വില്യംസൺ 23, ഗ്ലൻ ഫിലിപ്സ് 12, നീഷാം 26 എന്നിങ്ങനെയാണ് മറ്റു ബാറ്റിങ് സംഭാവനകൾ.
ഓസ്ട്രേലിയക്ക് ആയി ഹാസെല്വൂഡ് രണ്ട് വിക്കറ്റ് എടുത്തു. സാമ്പ ഒരു വിക്കറ്റും നേടി.