ക്യാപ്റ്റനെ നിലനിർത്തും, ഗയക്ക് വേണ്ടി വലൻസിയയുടെ പുതിയ കരാർ

Nihal Basheer

ക്യാപ്റ്റൻ ഹോസെ ഗയക്ക് വേണ്ടി പുതിയ കരാർ ഒരുക്കി വലൻസിയ. അഞ്ച് വർഷത്തേക്കുള്ള ദീർഘകാല കരാർ ആണ് ടീം ഒരുക്കിയിരിക്കുന്നതെന്ന് ഫാബ്രിസിയോ റൊമാനോ റിപ്പോർട്ട് ചെയ്യുന്നു. നേരത്തെ കരാറിന്റെ കാര്യത്തിൽ ധാരണയിൽ എത്തിയിട്ടുള്ളതിനാൽ ഇനി ഔദ്യോഗികമായി ഒപ്പിടുന്ന ചടങ്ങ് മാത്രമാണ് ബാക്കിയുള്ളത്. ഒരുപക്ഷേ ഈ വാരം തന്നെ ഇത് സാധ്യമായേക്കും എന്നാണ് സൂചനകൾ. വലൻസിയ കോച്ച് ഗട്ടുസോക്കും താരത്തെ ടീമിൽ നിലനിർത്തുന്നതിനാണ് താൽപര്യം.

വലൻസിയ യൂത്ത് സിസ്റ്റത്തിലൂടെ തന്നെ വളർന്ന ഗയ 2012 മുതൽ സീനിയർ ടീമിന്റെ ഭാഗമാണ്. താരത്തിന്റെ നിലവിലെ കരാർ അടുത്ത സീസണോടെ അവസാനിക്കാൻ ഇരിക്കുകയിരുന്നു. നേരത്തെ ബാഴ്‌സലോണ ലെഫ്റ്റ് ബാക്ക് സ്ഥാനത്തേക്ക് ജോർഡി ആൽബക്ക് പകരക്കാരനായി കണ്ടുവെച്ച താരമായിരുന്നു ഗയ. സീസണിന് ശേഷം താരം ഫ്രീ ഏജന്റ് ആവും എന്നുള്ളതും ബാഴ്‌സക്ക് പ്രതീക്ഷയായിരുന്നു. എന്നാൽ പുതിയ കരാർ ഒപ്പിടുന്നതോടെ ഗയയെ സ്വന്തമാക്കുന്നത് കാറ്റലോണിയൻ ടീമിന് അപ്രാപ്യമാവും. വരുമാനത്തിലും ഗയക്ക് കാര്യമായ വർധനവ് വലൻസിയ അനുവദിച്ചിട്ടുണ്ട്.