ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ് ഘട്ടത്തിൽ ഇറ്റാലിയൻ വമ്പന്മാരായ എ.സി മിലാനെതിരെ കരുത്തുകാട്ടി ചെൽസി. സാൻസീറോയിൽ നടന്ന മത്സരത്തിൽ ഏകപക്ഷീയമായ 2 ഗോളുകൾക്കാണ് ചെൽസി എ.സി മിലാനെ പരാജയപ്പെടുത്തിയത്. മുൻ ചെൽസി താരം ടോമോറി ചുവപ്പുകാർഡ് കണ്ടു പുറത്തുപോയതോടെ 10 പെരുമായാണ് എ.സി മിലാൻ മത്സരം പൂർത്തിയാക്കിയത്. ഗ്രൂപ്പിലെ ആദ്യ രണ്ട് മത്സരങ്ങൾ കഴിഞ്ഞപ്പോൾ അവസാന സ്ഥാനത്തായിരുന്ന ചെൽസി എ.സി മിലാനെതിരെയുള്ള രണ്ട് മത്സരങ്ങൾ ജയിച്ചതോടെ ഗ്രൂപ്പിൽ ഒന്നാം സ്ഥാനത്തെത്തിയിട്ടുണ്ട്.
ചെൽസി താരം മേസൺ മൗണ്ടിനെ പെനാൽറ്റി ബോക്സിൽ ടോമോറി ഫൗൾ ചെയ്തതിനെ തുടർന്ന് ലഭിച്ച പെനാൽറ്റി ഗോളാക്കി ജോർഗീനോയാണ് ചെൽസിക്ക് ആദ്യ ഗോൾ നേടിക്കൊടുത്തത്. മേസൺ മൗണ്ടിനെ ഫൗൾ ചെയ്ത ടോമോറിക്ക് റഫറി ചുവപ്പ് കാർഡ് കാണിക്കുകയും ചെയ്തു. അധികം വൈകാതെ ഒബാമയങ്ങിലൂടെ ചെൽസി തങ്ങളുടെ ലീഡ് ഇരട്ടിയാകുകയും ചെയ്തു. മികച്ചൊരു ടീം വർക്കിന്റെ അവസാനം മേസൺ മൗണ്ടിന്റെ പാസിൽ നിന്നാണ് ഒബാമയാങ് ചെൽസിയുടെ രണ്ടാമത്തെ ഗോൾ നേടിയത്. തുടർന്ന് രണ്ടാം പകുതിയിലും മത്സരം നിയന്ത്രിച്ച ചെൽസി മത്സരത്തിൽ ജയം സ്വന്തമാക്കുകയായിരുന്നു. മത്സരത്തിൽ ചെൽസി ജയം കണ്ടെങ്കിലും 9 മഞ്ഞ കാർഡുകളും ഒരു ചുവപ്പ് കാർഡും കാണിച്ച റഫറി ഡാനിയൽ സിബെർട്ട് ആയിരുന്നു മത്സരത്തിലെ ശ്രദ്ധകേന്ദ്രം.