പ്രീമിയർ ലീഗിൽ പുതിയ പരിശീലകന് കീഴിൽ ഫോം കണ്ടെത്താൻ ശ്രമിക്കുന്ന ചെൽസിക്ക് ജയം. താത്കാലിക പരിശീലകന് കീഴിൽ ഇറങ്ങിയ വോൾവ്സിനെയാണ് ചെൽസി ഏകപക്ഷീയമായ 3 ഗോളുകൾക്ക് പരാജയപ്പെടുത്തിയത്. ജയത്തോടെ പ്രീമിയർ ലീഗിൽ നാലാം സ്ഥാനത്ത് എത്താനും ചെൽസിക്കായി. പോട്ടറിന് കീഴിൽ തുടർച്ചയായ മൂന്ന് മത്സരങ്ങൾ ജയിക്കാനും ഇതോടെ ചെൽസിക്കായി. ഈ ആഴ്ച എ.സി മിലാനെതിരെ നടക്കുന്ന ചാമ്പ്യൻസ് ലീഗ് മത്സരത്തിന് മുന്നോടിയായി 7 മാറ്റങ്ങളുമായാണ് ചെൽസി മത്സരത്തിന് ഇറങ്ങിയത്. മുൻ ചെൽസി താരം ഡിയേഗോ കോസ്റ്റയുടെ ചെൽസിയിലേക്കുള്ള തിരിച്ചുവരവ് കൂടെ കണ്ട മത്സരമായിരുന്നു ഇന്നത്തേത്. ചെൽസി ആരാധകർ കോസ്റ്റക്ക് മികച്ച വരവേൽപ്പാണ് നൽകിയത്.
ചെൽസിയുടെ സമ്പൂർണ്ണ ആധിപത്യം കണ്ട ആദ്യ പകുതിയിൽ ചെൽസിക്ക് ഗോൾ നേടാൻ ആദ്യ പകുതിയുടെ ഇഞ്ചുറി ടൈം വരെ കാത്തിരിക്കേണ്ടിവന്നു. മേസൺ മൗണ്ടിന്റെ ക്രോസ്സിൽ നിന്ന് കായ് ഹാവേർട്സ് ആണ് ചെൽസിയുടെ ഗോളുകൾ നേടിയത്. ആദ്യ പകുതിയിൽ പുലിസിക്കിനും ഹാവേർട്സിനും ലഭിച്ച അവസരങ്ങൾ ഗോളാക്കാൻ അവർക്കായിരുന്നില്ല. തുടർന്നാണ് ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമിൽ ചെൽസി അർഹിച്ച ഗോൾ കണ്ടെത്തിയത്. രണ്ടാം പകുതിയിൽ ആദ്യ ഇലവനിൽ നിന്ന് മാറ്റങ്ങളുമായി ഇറങ്ങിയ വോൾവ്സ് ആദ്യ മിനിറ്റുകളിൽ ചെൽസിക്കൊപ്പം പിടിച്ചുനിന്നെങ്കിലും ക്രിസ്ത്യൻ പുലിസിക്കിലൂടെ ചെൽസി രണ്ടാമത്തെ ഗോൾ നേടിയതോടെ മത്സരത്തിൽ വീണ്ടും ചെൽസി അധിപത്യമായി. തുടർന്ന് പകരക്കാരനായി ഇറങ്ങിയ അർമാൻഡോ ബ്രോയ ചെൽസിയുടെ മൂന്നാമത്തെ ഗോളും നേടി ചെൽസിയുടെ ഗോൾ പട്ടിക പൂർത്തിയാക്കി. സീനിയർ ടീമിന് വേണ്ടിയുള്ള താരത്തിന്റെ ആദ്യ ഗോൾ കൂടിയായിരുന്നു ഇത്