ചെൽസിയുടെ ഡയറക്ടർ ചുമതലകളിലേക്ക് ആളെ എത്തിക്കാനുള്ള സഹ ഉടമ ബോഹ്ലിയുടെ നീക്കങ്ങൾക്ക് ഒടുവിൽ അന്ത്യമാകുന്നു. ആർബി ലെപ്സിഗിൽ നിന്നും പുറത്തു വന്ന ക്രിസ്റ്റഫർ വിവെലിനെ തങ്ങളുടെ കൂടാരത്തിൽ എത്തിക്കാനാണ് ചെൽസിയുടെ ശ്രമം. നേരത്തെ ആർബി സാൽസ്ബർഗിൽ നിന്നും ഫിര്യോണ്ടിനെ എത്തിക്കാനുള്ള ശ്രമങ്ങൾ അവസാന നിമിഷം കയ്യിൽ നിന്നും വഴുതിപോയത്തിന്റെ ക്ഷീണം മറികടക്കാനും ഇതോടെ ചെൽസിക്കാവും. റെഡ് ബുൾ ഗ്രൂപ്പിനെ പോലെ തന്നെ പല രാജ്യങ്ങളിലും ടീമുകൾ ഉള്ള ഒരു ശൃംഖലയാണ് ചെൽസി ഉടമകളുടെയും ലക്ഷ്യം എന്നാണ് സൂചനകൾ.
ക്രിസ്റ്റഫർ വിവലിനെ പുറത്താക്കിയതായി ഇന്നാണ് ലെപ്സിഗ് അറിയിച്ചത്. ഇതിന് മണിക്കൂറുകൾക്ക് ഉള്ളിൽ തന്നെ ചെൽസി തങ്ങളുടെ നീക്കം ആരംഭിക്കുകയായിരുന്നു. റെഡ് ബുൾ ഗ്രൂപ്പിൽ നിന്ന് തന്നെ ടെക്നിക്കൽ ഡയറക്ട് സ്ഥാനത്ത് പരിചയമുള്ള ഒരാളെ തന്നെ എത്തിക്കാൻ സാധിച്ചാൽ ചെൽസിക്കത് നേട്ടമാകും. ട്രാൻസ്ഫർ, സ്കൗട്ടിങ് ചുമതലകൾ വഹിച്ചിരുന്ന വിവെലിന് ടീമുമായി ഉണ്ടായ അഭിപ്രായ വ്യത്യാസങ്ങൾ ആണ് തിരിച്ചടിയായത്. ചെൽസിയും ടെക്നിക്കൽ ഡയറക്ടർ ചുമതലയിലേക്ക് തന്നെയാണ് മുപ്പത്തിയഞ്ചുകാരനെ എത്തിക്കാൻ ശ്രമിക്കുന്നത്.