2023 സീസണിലെ സന്തോഷ് ട്രോഫി ഫൈനൽ റൗണ്ട് മത്സരങ്ങൾ സൗദി അറേബ്യയിൽ വച്ചു നടക്കും. ഇതിനായുള്ള കരാർ ഇന്ത്യൻ ഫുട്ബാൾ അസ്സോസിയേഷനും സൗദി അധികാരികളും കഴിഞ്ഞ ദിവസം ഒപ്പ് വച്ചു.
ഇന്ത്യൻ യുവ കളിക്കാർക്ക് കൂടുതൽ ഉയരങ്ങളിൽ എത്തിപ്പിടിക്കാനുള്ള സ്വപ്നം കാണാനും, സൗദിയിലുള്ള ഇന്ത്യൻ പ്രവാസികളെ ഫുട്ബോളുമായി അടുപ്പിക്കാനും ആണത്രേ ഈ നീക്കം. ആദ്യമായി ചോദിക്കട്ടെ, ആർ യൂ സീരിയസ്?
ഇന്ത്യയിൽ ഫുട്ബോൾ പ്രചരിപ്പിക്കുകയും, ഈ കളിയെ പ്രോത്സാഹിപ്പിക്കുകയും ചെയ്യേണ്ട ആൾ ഇന്ത്യ ഫുട്ബാൾ ഫെഡറേഷൻ സൗദിയിൽ ഫുട്ബാൾ മത്സരം നടത്തേണ്ട കാര്യമെന്താണ്! ഇന്ത്യയിലെ സ്പോർട്സ് അഡ്മിനിസ്ട്രേഷൻ എല്ലാ കാലത്തും മോശമായിരുന്നു എന്നു അവകാശപ്പെട്ടൽ അതിൽ തർക്കം ഉണ്ടായേക്കാം. പക്ഷെ അക്കൂട്ടത്തിൽ ഏറ്റവും മോശം പ്രകടനം AIFF ന്റേതാണ് എന്നു പറഞ്ഞാൽ അതിൽ രണ്ടഭിപ്രായം ഉണ്ടാകില്ല.
നമുക്ക് ഈ തീരുമാനം ഒന്ന് പരിശോധിച്ചു നോക്കാം. കളി കാണാൻ ആളുകൾ എത്താത്തതാണോ ഇവർക്ക് പ്രശ്നം? ഹബീബി, കം ടു മലപ്പുറം! കേരളത്തിൽ, പ്രത്യേകിച്ചു മലബാർ പ്രദേശത്തു നിങ്ങൾ സന്തോഷ് ട്രോഫി മത്സരങ്ങൾ നടത്തി നോക്കൂ, സ്റ്റേഡിയം നിറഞ്ഞു കവിയും. കഴിഞ്ഞ തവണയും കൂടി നമ്മൾ ഇത് കണ്ടതാണല്ലോ. കളി നടത്താൻ വേണ്ട എല്ലാ സൗകര്യങ്ങളും കേരള സർക്കാർ ചെയ്തു തരും. ഫുട്ബാൾ കളിയെ അറിയുന്ന, കളി ശ്വാസത്തിലും കോശത്തിലും കൊണ്ട് നടക്കുന്ന മലയാളികളെ കളിയാക്കുന്ന നടപടിയായി ഇത്. ഇന്ന് കൊച്ചിയിൽ നടക്കുന്ന ബ്ലാസ്റ്റേഴ്‌സിന്റെ സീസൺ ഓപ്പനിങ് ഗെയിം ഈ അധികാരികൾ വന്നൊന്ന് കണ്ട് നോക്ക്, ഫ്രീ ടിക്കറ്റ് കിട്ടുന്നതല്ലേ. കേരളത്തിന്റെ മുക്കിലും മൂലയിലും നിന്നുള്ള കാണികൾ ഇന്ന് വാട്ടർ അതോറിറ്റിയുടെ സ്റ്റോക്ക് യാർഡായിരുന്ന ആ പഴയ മൈതാനത്തു ഒത്ത്കൂടും, ഈ മനോഹര കളിക്കായി.
യുവ ഇന്ത്യൻ താരങ്ങൾക്ക് പ്രചോദനവും, പരിചയവും ലഭിക്കാൻ സൗദിയിലെ ഈ കളികൾ കൊണ്ട് സാധിക്കുമെന്നാണ് മറ്റൊരു വാദം. ആരെയാണ് നിങ്ങൾ പറ്റിക്കാൻ നോക്കുന്നത്? അവിടെ പോയി നമ്മുടെ ടീമുകൾ പരസ്പരമാണ് കളിക്കുക, ഇവിടെ കളിച്ചാലും അത് തന്നെയാണ് സംഭവിക്കുക. ഇനി അതല്ല, അവിടെ ഗ്രൗണ്ടുകൾ മെച്ചപ്പെട്ടതാണ്, സൗകര്യങ്ങൾ കൂടുതലുണ്ട് എന്നാണെങ്കിൽ, മിസ്റ്റർ, അത്തരം സൗകര്യങ്ങൾ ഇവിടെ ഒരുക്കലാണ് നിങ്ങളുടെ ജോലി!
ഇനി ഈ വാദങ്ങളെല്ലാം സമ്മതിച്ചു കൊടുത്താൽ തന്നെ, എന്ത് കൊണ്ടാണ് സൗദി തിരഞ്ഞെടുത്തത്? ജിസിസിയിൽ തന്നെ ചെന്നെത്താൻ ഏറെ ബുദ്ധിമുട്ടും, സാംസ്കാരികമായി ഒട്ടേറെ നിയന്ത്രണങ്ങളുമുള്ള രാജ്യമാണ് സൗദി. നമ്മുടെ കളിക്കാരും, സപ്പോർട്ട് സ്റ്റാഫും അടങ്ങിയ വലിയ ഒരു സംഘത്തെ അങ്ങോട്ട് അയക്കുന്നത് സുരക്ഷിതമാണോ എന്ന് ചിന്തിക്കണം. അവിടത്തെ സാംസ്കാരിക നിബന്ധനകൾ അനുസരിച്ചു ഒരു മാസത്തോളം അവിടെ കഴിയുന്നത് യുവ കളിക്കാർക്ക് ഉത്തമമായ ഒരു അനുഭവമാണോ എന്നും ആലോചിച്ചു നോക്കണം. അങ്ങനെ അയക്കണം എന്നുണ്ടെങ്കിൽ തന്നെ എന്തു കൊണ്ട് താരതമ്യേന സൗഹൃദപരമായ അന്തരീക്ഷമുള്ള ദുബായിലേക്കോ ഖത്തറിലേക്കോ ആയിക്കൂടാ? ഖത്തറിൽ ഈ വർഷം നടക്കുന്ന വേൾഡ് കപ്പ് സ്റ്റേഡിയത്തിൽ നമ്മുടെ കുട്ടികൾ കളിച്ചു സന്തോഷിക്കട്ടെ എന്ന് കരുതാമായിരുന്നില്ലേ?
ഇന്ത്യൻ ഫുട്ബാളിന് പുതിയ ആഭ്യന്തര ലീഗുകൾ വന്നതിൽ പിന്നെ ഒരു ഉണർവ്വ് ഉണ്ടായിട്ടുണ്ട്. അതിൽ ഈ അസ്സോസിയേഷനുകൾക്ക് വലിയ പങ്കില്ല. ഇനി വേണ്ടത് കൂടുതൽ അടിസ്ഥാന സൗകര്യങ്ങളാണ്, കൂടുതൽ കളിക്കളങ്ങളാണ്, കൂടാതെ നമ്മുടെ കളിക്കാർക്ക് കളിപരിചയം കൂടാനായി കുറഞ്ഞ പക്ഷം ഏഷ്യൻ ക്ലബ്ബ്കളുമായി കളിക്കാൻ വേണ്ട സൗകര്യങ്ങൾ ഉണ്ടാക്കിയെടുക്കുകയാണ്. അതിനായി നമ്മുടെ ടീമുകൾക്ക് വേണ്ട പിന്തുണ നൽകുക, അതിന് വേണ്ട കരാറുകൾ ജിസിസി അടക്കമുള്ള രാജ്യങ്ങളുമായി ഒപ്പിടുക. അല്ലാതെ ഇന്ത്യൻ കാണികളുടെ മനസ്സിൽ ഇപ്പോഴും രാജകീയ പരിവേഷമുള്ള സന്തോഷ് ട്രോഫിയെ കടൽ കടത്തുകയല്ല വേണ്ടത്.
ഈ കരാറിന്റെ കൂടുതൽ വിവരങ്ങൾ ഇനിയും പുറത്തു വരാനുണ്ട്. പക്ഷെ സൗദിയിലെ പുതിയ നയങ്ങൾ വിരൽ ചൂണ്ടുന്നത് ഇത് അവരുടെ ഓപ്പൺ പോളിസിയുടെ ഭാഗമായുള്ള പദ്ധതിയാണെന്നാണ്. അടച്ചു പൂട്ടിയ ഒരു രാജ്യം എന്ന നിലയിൽ നിന്നും ഒരു തുറന്ന സമൂഹമെന്ന നിലയിലേക്കുള്ള സമീപനത്തിന്റെ പരസ്യം എന്ന നിലയ്ക്കാകും ഈ ടൂർണമെന്റ് നടത്തുക. ഇന്ത്യൻ നിക്ഷേപകരെ ആകർഷിക്കാൻ ശ്രമിക്കുന്ന സൗദിക്ക് ഒരു പുതിയ മുഖം നൽകാനുള്ള ശ്രമം കൂടിയാകും ഇതു. AIFF നെ സംബന്ധിച്ചു ഇതൊരു ചാകരയാണ്. സാമ്പത്തിക ഞെരുക്കം നേരിടുന്ന അവർ ഇത് നല്ലൊരു അവസരമായി കണ്ടു, അത്ര തന്നെ. കുടുംബം രക്ഷപ്പെടാനായി മൂത്തമോനെ ഗൾഫിലേക്ക് കയറ്റി വിടുന്ന പോലെയാണ് ഇത്. അവസാനം, എല്ലാവരുടെയും ആവശ്യങ്ങൾ നിറവേറ്റി തിരികെ വരുന്ന, സ്വന്തമായി ഒന്നും സമ്പാദിക്കാത്ത ഗൾഫുകാരന്റെ ഗതിയാകുമോ ഇന്ത്യൻ ഫുട്ബാളിനും!