219 റൺസിന് ന്യൂസിലാണ്ടിനെ എറിഞ്ഞൊതുക്കിയ ശേഷം ലക്ഷ്യം 34 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ മറികടക്കുകയായിരുന്നു. ഒന്നാം വിക്കറ്റിൽ പൃഥ്വി ഷായും റുതുരാജ് ഗായക്വാഡും ചേര്‍ന്ന് 82 റൺസാണ് ഇന്ത്യയ്ക്കായി നേടിയത്. പൃഥ്വി ഷാ വെടിക്കെട്ട് തുടക്കം ഇന്ത്യയ്ക്ക് നൽകിയപ്പോള്‍ 30 റൺസ് നേടിയ റുതുരാജ് ആണ് ആദ്യം പുറത്തായത്.
26 പന്തിൽ നിന്ന് തന്റെ അര്‍ദ്ധ ശതകം തികച്ച പൃഥ്വി ഷാ രജത് പടിദാറുമായി ചേര്‍ന്ന് രണ്ടാം വിക്കറ്റിൽ 49 റൺസാണ് നേടിയത്. പടിദാര്‍ 20 റൺസ് നേടി ജേക്കബ് ഡഫിയ്ക്ക് വിക്കറ്റ് നൽകി മടങ്ങിയപ്പോള്‍ അധികം വൈകാതെ പൃഥ്വി ഷായെയും തിലക് വര്‍മ്മയെയും ഇന്ത്യയ്ക്ക് നഷ്ടമായി. 48 പന്തിൽ നിന്ന് 77 റൺസാണ് പൃഥ്വി നേടിയത്. 11 ഫോറും 3 സിക്സും അടങ്ങിയതായിരുന്നു താരത്തിന്റെ ഇന്നിംഗ്സ്.
131/1 എന്ന നിലയിൽ നിന്ന് 134/4 എന്ന നിലയിലേക്ക് ഇന്ത്യ വീഴുകയായിരുന്നു. പിന്നീട് സഞ്ജു സാംസണും ഋഷി ധവാനും ചേര്‍ന്ന് 46 റൺസ് അഞ്ചാം വിക്കറ്റിൽ നേടിയെങ്കിലും 37 റൺസ് നേടിയ സഞ്ജുവിനെ ലോഗന്‍ വാന്‍ ബീക്ക് പുറത്താക്കിയതോടെ ഇന്ത്യയ്ക്ക് അഞ്ചാം വിക്കറ്റ് നഷ്ടമായി. അതേ ഓവറിൽ രാജ് അംഗദ് ബാവയെ പുറത്താക്കി ലോഗന്‍ തന്റെ മൂന്നാം വിക്കറ്റ് നേടി.
പിന്നീട് ഋഷി ധവാനും ശര്‍ദ്ധുൽ താക്കുറും ചേര്‍ന്ന് ഇന്ത്യയെ വിജയത്തിലേക്ക് എത്തിക്കുകയായിരുന്നു. ഋഷി 22 റൺസ് നേടിയപ്പോള്‍ ശര്‍ദ്ധുൽ 25 റൺസ് നേടി പുറത്താകാതെ നിന്നു. 42 റൺസാണ് ഈ കൂട്ടുകെട്ട് നേടിയത്.