ഇന്റർനാഷണൽ ബ്രേക്കിന് മുൻപുള്ള അവസാന മത്സരങ്ങൾക്ക് ഇറങ്ങിയ യൂറോപ്യൻ ഫുട്ബോളിൽ, ഈ വാരം വൻ അട്ടിമറികൾക്കാണ് സീരി എ സാക്ഷ്യം വഹിച്ചത്. 1955എ ശേഷം ആദ്യമായി മിലാൻ ടീമുകളും റോമയും യുവന്റസും ഒരുമിച്ചു തോൽവി ഏറ്റു വാങ്ങിയ വാരം ആണ് കഴിഞ്ഞത്. ഇന്റർ മിലാൻ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് ഉദിനീസിനോട് തോൽവി ഏറ്റു വാങ്ങിയപ്പോൾ യുവന്റസിനെതിരെ ദാവിദ് ആയത് ലീഗിലേക്ക് ഇത്തവണ സ്ഥാനക്കയറ്റം നേടിയെത്തിയ മോൻസയായിരുന്നു.
സീസൺ ആരംഭിച്ച ശേഷം മോശം ഫോമിലൂടെ കടന്ന് പോകുവകയാണ് ഇരു ടീമുകളും. ഇത് ആരാധകരെ കുറച്ചൊന്നുമല്ല വിറളി പിടിപ്പിക്കുന്നത്. മാനേജർമാരെ പുറത്താക്കാൻ വേണ്ടി അവർ മുറവിളി തുടങ്ങിക്കഴിഞ്ഞു. എന്നാൽ ഇരു ടീമുകളുടെയും മാനേജ്മെന്റ് തൽക്കാലം ഇതിന് ചെവി കൊടുക്കുന്നില്ല എന്നാണ് ഇറ്റാലിയൻ മാധ്യമങ്ങൾ നൽകുന്ന സൂചന.
കഴിഞ്ഞ പതിറ്റാണ്ട് ഇറ്റലി അടക്കിവാണ “ഓൾഡ് ലേഡി” യുവന്റസിന് ഈയിടെ അത്ര പന്തിയല്ല കാര്യങ്ങൾ. മിലാൻ ടീമുകൾ പഴയ പ്രതാപത്തിലേക്ക് തിരികെ വരുന്ന കൃത്യമായ സൂചനകൾ നൽകി. രണ്ടു മിലാൻ ടീമുകളും വലിയ ഇടവേളക്ക് ശേഷം ലീഗ് കിരീടവും നേടി. കളത്തിന് അകത്ത് മാത്രമല്ല, പുറത്തും കാര്യങ്ങൾ മോശമാണ്. 250 മില്യൺ യൂറോയുടെ നഷ്ടമാണ് കഴിഞ്ഞ സീസണിൽ ടീമിന് സംഭവിച്ചിരിക്കുന്നത്. ദിബാല അടക്കം പല താരങ്ങളെയും കൈവിടേണ്ട സാഹചര്യവും ടീമിനുണ്ടായി.
ടീമിലെ പ്രതിരോധത്തിന്റെ ഭാവിയായിരുന്ന ഡിലൈറ്റിനെ ഉയർന്ന തുകക്ക് കൈമാറാൻ കഴിഞ്ഞത് സാമ്പത്തികമായി ടീമിന് ആശ്വാസമാണ്, പക്ഷെ കളത്തിൽ അതും തിരിച്ചടിയായി. മുൻ നിരയിൽ ദിബാലക്ക് പുറമെ മൊറാട്ടയേയും നഷ്ടമായതിന് പിറകെ പകരം എത്തിച്ച വ്ലഹോവിച്ച് അടക്കമുള്ള താരങ്ങളും ഇതുവരെ തിളങ്ങിയിട്ടില്ല. ഇതിനെല്ലാം പുറമെയാണ് പോഗ്ബ, കിയെസ തുടങ്ങി ടീമിന്റെ നാട്ടെല്ലാവേണ്ട താരങ്ങളുടെ പരിക്കും. ഇരുവർക്കും ജനുവരിയിൽ മാത്രമേ തിരിച്ചെത്താൻ കഴിയൂ എന്നാണ് സൂചന. അലക്‌സ് സാൻഡ്രോ, ലോകാറ്റെല്ലി, റബിയോട തുടങ്ങിയവരേയും പരിക്ക് ബാധിച്ചിരുന്നു.
ഇനി അല്ലഗ്രിയെ മാനേജർ സ്ഥാനത്ത് നിന്നും പുറത്താക്കണമെങ്കിൽ തന്നെ 80 മില്യണോളം ചെലവാക്കേണ്ടി വരും എന്നതും യുവന്റസ് ചിന്തിച്ചു കാണും. പരിക്കിന്റെ പിടിയിൽ നിന്നും രക്ഷപ്പെട്ടാൽ തന്നെ ടീമിനെ പഴയ ഫോമിലേക്ക് എത്തിക്കാൻ അല്ലേഗ്രിക്ക് സാധിക്കും എന്നാണ് മാനേജ്മെന്റ് കണക്ക് കൂട്ടുന്നത്. ടീമിന്റെ സീഈഓ വെളിപ്പെടുത്തിയത് തങ്ങൾക്ക് വളരെ നീണ്ട കാലത്തെ ഒരു പ്രൊജക്റ്റ് ആണുള്ളത് എന്നും, അദ്ദേഹത്തെ ഇപ്പോൾ തന്നെ പുറത്താക്കാൻ തങ്ങൾ ഉദ്ദേശിക്കുന്നില്ല എന്നുമായിരുന്നു
കടലാസിൽ ആരും കൊതിക്കുന്ന ടീമാണ് ഇന്റർ മിലാൻ. മുൻനിര മുതൽ കീപ്പർ വരെ പ്രതിഭകൾക്ക് യാതൊരു പഞ്ഞവുമില്ല. എന്നിട്ടും കളത്തിൽ അത് കാണുന്നില്ലെങ്കിൽ പിന്നെ ആരാധകർക്ക് എങ്ങനെ ദേഷ്യം വരാതിരിക്കും. യുവന്റസിന് ചൂണ്ടിക്കാണിക്കാൻ മുൻനിര താരങ്ങളുടെ പരിക്ക് ഉണ്ടെങ്കിൽ ഇന്ററിൽ ആകെ പരിക്കിന്റെ പിടിയിൽ ഉള്ളത് ലുക്കാകു മാത്രമാണ്. മിലാൻ ഡെർബിയിൽ തോൽവി ഏറ്റു വാങ്ങിയതും കോച്ച് സിമോൺ ഇൻസാഗിക്ക് തിരിച്ചടിയായി. ആദ്യ ഏഴു മത്സരങ്ങൾ കഴിയുമ്പോൾ മൂന്ന് തോൽവിയാണ് ടീമിന് നേരിടേണ്ടി വന്നത്. ഉദിനീസിനെതിരെ ഏറ്റ തോൽവിയിൽ കോച്ച് നടത്തിയ സബ്സ്റ്റിട്യൂഷനുകളും വിമർശനത്തിന് വഴിവെച്ചു.
പതിനൊന്ന് ഗോളുകൾ വഴങ്ങി കൊണ്ട് ലീഗിൽ ഇതുവരെ ഏറ്റവും ഗോൾ വഴങ്ങിയ ടീമും മറ്റാരുമല്ല. എന്നാൽ അടുത്ത കാലത്ത് ടീമിന് കിരീടങ്ങൾ നേടിത്തന്ന ഇൻസാഗിയെ പുറത്താക്കാൻ തൽക്കാലം ടീം ശ്രമിക്കുന്നില്ല എന്നു തന്നെയാണ് സൂചനകൾ. ടീമിന് തന്നിൽ വിശ്വാസമുണ്ടെന്നും തന്നെ പൂർണമായി പിന്തുണക്കുന്നുണ്ടെന്നും പരസ്യമായി തന്നെ ഇൻസാഗി പ്രഖ്യാപിച്ചതോടെ തൽക്കാലം അദ്ദേഹത്തിന് സ്ഥാനചലനം ഒന്നും ഉണ്ടാവില്ല എന്നാണ് മനസിലാക്കേണ്ടത്. അതേ സമയം ലീഗിൽ ഫോം വീണ്ടെടുക്കാനും ബയേണും ബാഴ്സയും അടങ്ങിയ ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പിൽ നിന്നും കരകയറാനും ഇൻസാഗി നന്നായി പാടുപെടേണ്ടി വരും.