എൽചെക്ക് എതിരെയും വിജയം തുടർന്ന് ബാഴ്സലോണ, ലീഗിൽ ഒന്നാമത്
തുടർച്ചയായ അഞ്ചാം വിജയവുമായി ലീഗിൽ മുന്നേറ്റം തുടർന്ന് ബാഴ്‌സലോണ. ലീഗിലെ അവസാന സ്ഥാനക്കാരായ എൽഷെക്കെതിരെ എതിരില്ലാത്ത മൂന്ന് ഗോളിനാണ് ബാഴ്‌സ വിജയം നേടിയത്. ലെവെന്റോവ്സ്കി രണ്ടു ഗോൾ നേടി തന്റെ ഫോം തുടർന്നപ്പോൾ മറ്റൊരു ഗോൾ മെംഫിസ് ഡീപെയുടെ വകയായിരുന്നു.
ദുർബലരായ എതിരാളികൾക്കെതിരെ ടീമിൽ കാര്യമായ മാറ്റങ്ങളുമായാണ് സാവി ടീമിനെ അണിനിരത്തിയത്. ബാസ്ക്വറ്റ്‌സ്, ഗവി, റാഫിഞ്ഞ, ക്രിസ്റ്റൻസൻ എന്നിവർ ബെഞ്ചിലെത്തിയപ്പോൾ കെസി, ഡി യോങ്, മെംഫിസ് ഡീപെയ്, എറിക് ഗർഷ്യ എന്നിവർ ആദ്യ ഇലവനിൽ എത്തി. തുടർച്ചയായ അഞ്ചാം ലീഗ് മത്സരത്തിലും ബാൾഡേക്ക് തന്നെ ലെഫ്റ്റ് ബാക്കിൽ അവസരം ലഭിച്ചു.
ആദ്യ പകുതിയിൽ വളരെ പതിഞ്ഞ താളത്തിലാണ് മത്സരം ആരംഭിച്ചത്. അഞ്ച് പ്രതിരോധ താരങ്ങളെ അണിനിരത്തി എൽഷെ തങ്ങളുടെ നയം വ്യക്തമാക്കി. ആദ്യ മിനിറ്റുകളിൽ പതിവ് താളത്തിൽ പന്തുതട്ടാൻ ബാഴ്‌സക്കും കഴിഞ്ഞില്ല. പലപ്പോഴും താരങ്ങൾ പന്ത് നഷ്ടപ്പെടുത്തി.ലെവെന്റോവ്സ്കിയെ വീഴ്ത്തിയതിന് ഗോണ്സാലോ വെർദുവിന് പതിനാലാം മിനിറ്റിൽ തന്നെ റെഡ് കാർഡ് കിട്ടിയത് എൽഷെക്ക് തിരിച്ചടിയായി. ആദ്യ ഗോളോട് കൂടിയാണ് ബാഴ്‌സ ഉണർന്നത്. മുപ്പത്തിനാലാം മിനിറ്റിൽ ആദ്യ ഗോൾ എത്തി. ബോക്സിനുള്ളിലേക്ക് പെഡ്രി നൽകിയ ബോൾ ഇടത് വിങ്ങിൽ ബാൽടേ പോസ്റ്റിന് മുന്നിലേക്ക് നിലംപറ്റെ നൽകി. കാത്തിരുന്ന ഡീപെയെ മറികടന്ന് പോയ പാസ് ലെവെന്റോവ്സ്കി അനായാസം വലയിൽ എത്തിച്ചു. രണ്ടാം ഗോളും ബാൾടേയുടെ സഹായത്തോടെ ആയിരുന്നു. പോസ്റ്റിന് തൊട്ടു മുൻപിൽ വെച്ചു പാസ് ലഭിച്ച ഡീപെയ് എൽഷെ പ്രതിരോധ താരത്തെ മറികടന്ന് ശക്തിയേറിയ ഷോട്ടിലൂടെ പോസ്റ്റിലെത്തിച്ചു. നാല്പത്തിയൊന്നാം മിനിറ്റിലാണ് രണ്ടാം ഗോൾ എത്തിയത്.
രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ ബാഴ്‌സ മൂന്നാം ഗോൾ കണ്ടെത്തി. വലത് വിങ്ങിലൂടെ വന്ന ബോൾ കണക്റ്റ് ചെയ്യാൻ വന്ന ഡീപെയെ എൽഷെ പ്രതിരോധ താരങ്ങൾ പൊതിഞ്ഞപ്പോൾ ക്ലിയർ ചെയ്യാതെ പോയ ബോൾ എത്തിയത് ബോക്സിനുള്ളിൽ മാർക്ക് ചെയ്യപ്പെടാത്ത നിന്ന ലെവെന്റോവ്സ്കിയുടെ കാലുകളിലേക്ക്. താരം അനായാസം തന്റെ മത്സരത്തിലെ രണ്ടാം ഗോൾ കണ്ടെത്തി. തുടർന്നും ബാഴ്‌സ തുടർച്ചയായ ആക്രമണങ്ങൾ നടത്തിയെങ്കിലും ഗോൾ അകന്നു നിന്നു. ഗവിയുടെ പാസിൽ ഹാട്രിക്ക് നേടാനുള്ള അവസരം നഷ്ടമായതിന് പിറകെ ലെവെന്റോവ്സ്കിയെ സാവി പിൻവലിച്ചു. മത്സരത്തിൽ ലെഫ്റ്റ് ബാക്ക് സ്ഥാനത്ത് ബാൾടേയുടെ പ്രകടനം തന്നെയാണ് ശ്രദ്ധേയമായത്. സാവി തന്നിൽ അർപ്പിച്ച വിശ്വാസം താരം കാക്കുന്നതയാണ് ആദ്യ മത്സരങ്ങൾ കഴിയുമ്പോൾ കാണുന്നത്.
വിജയത്തോടെ ബാഴ്‌സ തൽക്കാലികമായെങ്കിലും പോയിന്റ് പട്ടികയിൽ ആദ്യ സ്ഥാനത്തെത്തി. റയൽ മാഡ്രിഡിന് ഒന്നാം സ്ഥാനം തിരിച്ചു പിടിക്കണമെങ്കിൽ മാഡ്രിഡ് ഡർബിയിൽ വിജയം ഉറപ്പാക്കേണ്ടതുണ്ട്.