ലോർഡ്സ് എഫ് അടിച്ച 33 ഗോളുകൾ
കേരള വനിതാ ലീഗിൽ ഇന്ന് ഗോളടിയുടെ എല്ലാ റെക്കോർഡുകളും തകർന്നു. ഇന്ന് ലോർഡ്സ് എഫ് എ കൊച്ചിയും കടത്തനാടു രാജ അക്കാദമിയും തമ്മിൽ ഏറ്റുമുട്ടുമ്പോൾ ലോർഡ്സ് ജയിക്കും എന്ന് എല്ലാവരും കരുതിയിരുന്നു. എന്നാൽ ഇത്രയും ഗോളുകൾ പിറക്കും എന്ന് ആരും കരുതിയില്ല. 34 ഗോളുകൾ ആണ് ഇന്ന് ആകെ പിറന്നത്. ലോർഡ്സിന് ഒന്നിനെതിരെ 33 ഗോളുകളുടെ വിജയവും. കേരള വനിതാ ലീഗ് ചരിത്രത്തിൽ ആദ്യമായാണ് ഇത്രയും കൂടുതൽ ഗോളുകൾ ഒരു ടീം അടിക്കുന്നത്. ഇന്ദുമതി മാത്രം 15 ഗോളുകൾ അടിച്ചു കൂട്ടി.
ഗോൾ ആരൊക്കെ അടിച്ചെന്ന് എണ്ണാൻ പോലും അവസരം തരാത്ത ഗോളടി ആണ് ലോർഡ്സിൽ നിന്ന് ഉണ്ടായത്. ആദ്യ പകുതിയിൽ തന്നെ അവർ 16 ഗോളുകൾ അടിച്ചു. ആദ്യ പകുതി 16-1 എന്ന നിലയിലാണ് അവസാനിച്ചത്. ഈ സീസൺ കേരള വനിതാ ലീഗിൽ ഇതിനു മുമ്പ് ഏറ്റവും കൂടുതൽ ഗോളുകൾ പിറന്ന രണ്ട് മത്സരങ്ങളിൽ കളി 15-0ത്തിൽ നിന്നിരുന്നു ഓർക്കണം.
രണ്ടാം പകുതിയിലും ഗോളുകൾ ഒഴുകി. ഒന്നാം സ്ഥാനം സ്വന്തമാക്കേണ്ടത് കൊണ്ട് തന്നെ ലോർഡ്സിൽ നിന്ന് ഒരു ദയയും ഉണ്ടായില്ല. കളി 33-1ൽ അവസാനിച്ചു.
ഈ ജയത്തോടെ ലീഗിലെ ഒന്നാം സ്ഥാനം ലോർഡ്സ് സ്വന്തമാക്കി. അവർക്കും ബ്ലാസ്റ്റേഴ്സിനും 6 മത്സരങ്ങളിൽ നിന്ന് 16 പോയിന്റ് ആണുള്ളത്. ഗോൾ ഡിഫറൻസിൽ ഇന്നത്തെ കളിയോടെ ലോർഡ്സ് ബഹുദൂരം മുന്നിൽ എത്തി. ലോർഡ്സിന് ഇപ്പോൾ +67 ആണ് ഗോൾ ഡിഫറൻസ്. കേരള ബ്ലാസ്റ്റേഴ്സിന് +46ഉം. ലോർഡ്സ് ഇതുവരെ ലീഗിൽ 6 മത്സരങ്ങളിൽ നിന്ന് 84 ഗോളുകൾ അടിച്ചു.