ഇന്റർ മിലാന്റെ യുവപ്രതിഭ സെസാർ കാസഡെയയെ ചെൽസി ടീമിൽ എത്തിച്ചു. നേരത്തെ, താരത്തിന് വേണ്ടി ബോഹ്ലിയുടെ ക്ലബ് സമർപ്പിച്ച രണ്ട് ഓഫറുകൾ ഇന്റർ മിലാൻ തള്ളിയിരുന്നു. ശേഷം അവർ സമർപ്പിച്ച ഇരുപത് മില്യൺ യൂറോയുടെ ഓഫർ ഇന്റർ അംഗീകരിക്കുകയായിരുന്നു. പതിനഞ്ച് മില്യൺ യൂറോയും ആഡ് ഓൺ ആയി അഞ്ച് മില്യണും ആണ് ഇന്ററിന് നേടാൻ കഴിയുക. ആറു വർഷത്തെ കരാറിൽ ആണ് മധ്യ നിര താരം ലണ്ടനിലേക്ക് പറക്കുന്നത്.
ഇന്ററിന്റെ യൂത്ത് ടീം അംഗമായ കാസഡെയ് സീനിയർ തലത്തിൽ ഇതു വരെ ടീമിന്റെ ജേഴ്സി അണിഞ്ഞിട്ടില്ല. പക്ഷെ പത്തൊമ്പത്കാരനായ താരത്തിന് പിറകെ വമ്പൻ ടീമുകൾ ശ്രമിച്ചു കൊണ്ടിരിക്കുകയാണ്. ഒജിസി നീസും ചെൽസിയുടെ ഒപ്പം തന്നെ താരത്തിന് വേണ്ടി ഇന്ററിനെ സമീപിച്ചിരുന്നു. അന്തർദേശീയ തലത്തിൽ ഇറ്റലിയുടെ വിവിധ യൂത്ത് ടീമുകളുടെ ഭാഗമായിട്ടുണ്ട്. താരത്തിന് വേണ്ടി ശക്തമായി രംഗത്ത് വന്നു നീസിനെ മറികടന്ന് കാസഡയയെ ടീമിലേക്ക് എത്തിക്കാൻ കഴിഞ്ഞത് ചെൽസിക്ക് വൻ നേട്ടമായി. യുവതാരങ്ങളെ നിശ്ചിത മത്സരപരിചയം നേടാൻ വേണ്ടി ലോണിൽ വിടാറുള്ള ചെൽസി കാസഡെയയെ ലോണിൽ അയച്ചേക്കും.