മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ദുരിതങ്ങൾക്ക് അവസാനമില്ല. ഒരോ മത്സരത്തിലും കൂടുതൽ പിറകോട്ട് പോകുന്ന മാഞ്ചസ്റ്റർ യുണൈറ്റഡിനെ ആണ് കാണാൻ ആകുന്നത്. ഇന്ന് പ്രീമിയർ ലീഗിൽ കണ്ടത് മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ അങ്ങനെ ഒരു പ്രകടനം ആയിരുന്നു. ബ്രെന്റ്ഫോർഡിനെ എവേ മത്സരത്തിൽ നേരിട്ട മാഞ്ചസ്റ്റർ യുണൈറ്റഡ് നാലു ഗോളുകളുടെ പരാജയമാണ് ഏറ്റു വാങ്ങിയത്. മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ സങ്കട പട്ടികയിലെ പുതിയ ഏട്.
ഇന്ന് ക്രിസ്റ്റ്യാനോ റൊണാൾഡോയെ ആദ്യ ഇലവനിൽ ഇറക്കിയെങ്കിലും മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ പ്രകടനം ഇന്ന് മെച്ചപ്പെട്ടില്ല. മത്സരത്തിന്റെ പത്താം മിനുട്ടിൽ ഡിഹിയയുടെ ഒരു പിഴവിൽ നിന്നാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് ആദ്യ ഗോൾ വഴങ്ങിയത്. ഡാസിൽവയുടെ എളുപ്പത്തിൽ പിടിക്കാവുന്ന ഷോട്ട് ഡിഹിയ കൈവിട്ടു. ഇത് ഒരു പിടി പിഴവുകളുടെ തുടക്കമായിരുന്നു.
18ആം മിനുട്ടിൽ വീണ്ടും ഡിഹിയയുടെ അബദ്ധം. ക്രിസ്റ്റ്യൻ എറിക്സണ് ഡി ഹിയ നൽകിയ ഒരു മോശം പാസ് കൈക്കലാക്കിയ ബ്രെന്റ്ഫോർഡ് ജാൻസണിലൂടെ രണ്ടാം ഗോൾ നേടി. അതോടെ വിറച്ചു നിന്ന യുണൈറ്റഡിനെ തലങ്ങും വിലങ്ങും ബ്രെന്റ്ഫോർഡ് പ്രഹരിച്ചു. 30ആം മിനുട്ടിൽ ബെൻ മീയിലൂടെ ബ്രെന്റ്ഫോർഡിന്റെ മൂന്നാം ഗോൾ. പിന്നെ 35ആം മിനുട്ടിൽ എമ്പുമോ ആ നമ്പർ നാലാക്കി. എല്ലാം കണ്ട് നിസ്സഹായനായി ടെൻ ഹാഗ് ടച്ച് ലൈനിൽ നിന്നു.
രണ്ടാം പകുതിയിൽ യുണൈറ്റഡ് മാറ്റങ്ങൾ നടത്തി നോക്കി എങ്കിലും ഒരു കാര്യവും ഉണ്ടായില്ല. കൂടുതൽ ഗോൾ വഴങ്ങിയില്ല എന്നത് മാത്രം മെച്ചം. ഈ പരാജയത്തോടെ മാഞ്ചസ്റ്റർ യുണൈറ്റഡ് ലീഗിൽ അവസാന സ്ഥാനത്ത് നിൽക്കുകയാണ്. ആദ്യ മത്സരത്തിൽ യുണൈറ്റഡ് ബ്രൈറ്റണോടും പരാജയപ്പെട്ടിരുന്നു. ഇനി അടുത്ത മത്സരത്തിൽ ലിവർപൂൾ ആണ് യുണൈറ്റഡിന്റെ എതിരാളികൾ.
Stiry Highlight: Brentford’s Thallumala on Manchester United. FT: Brentford 0-4 Manchester United