സ്പോർട്ടിങ്ങിന്റെ യുവതാരം റൂബൻ വിനാഗ്രിയെ എവർട്ടൺ തങ്ങളുടെ കൂടാരത്തിൽ എത്തിച്ചു. ഒരു വർഷത്തെ ലോണിലാണ് താരത്തെ എവർട്ടൺ ടീമിൽ എത്തിക്കുന്നത്. ഈ കാലയളവിലെ വിനാഗ്രിയുടെ മുഴുവൻ സാലറിയും എവർട്ടൺ തന്നെ നൽകും. ഇത് തന്റെ സ്വപ്ന സാക്ഷാത്കാരമാണെന്ന് കാരാർ ഒപ്പിട്ടുകൊണ്ട് താരം പ്രതികരിച്ചു.
ഇരുപത്തിമൂന്ന്കാരനായ പോർച്ചുഗൽ താരത്തിന് പ്രീമിയർ ലീഗ് പുതിയ അനുഭവമല്ല. 2017 മുതൽ വോൾവ്സ് നിരയിൽ ഉണ്ടായിരുന്നു. പ്രീമിയർ ലീഗിലേക്ക് പ്രൊമോഷൻ നേടിയ ശേഷവും ടീമിനായി കളത്തിൽ ഇറങ്ങിയിരുന്നു. വോൾവ്സിനായി ആകെ അറുപതിൽ കൂടുതൽ മത്സരങ്ങൾ കളിച്ചിട്ടുണ്ട്. ശേഷം താരത്തെ വിവിധ ടീമുകളിലേക്ക് ലോണിൽ അയക്കുകയായിരുന്നു.
അവസാന സീസൺ സ്പോർട്ടിങ്ങിൽ ലോണിൽ കളിച്ച ശേഷം താരത്തെ പോർച്ചുഗീസ് ടീം സ്വന്തമാക്കി. ഇതിന് പിറകെയാണ് താരത്തെ ലോണിൽ എത്തിക്കാനുള്ള ശ്രമങ്ങൾ എവർട്ടൺ ആരംഭിച്ചത്. കഴിഞ്ഞ സീസണിലെ തിരിച്ചടികൾ മറന്ന് ലംപാർഡിന് കീഴിൽ മികച്ച പ്രകടനം പുറത്തെടുക്കാൻ തയ്യാറെടുക്കുന്ന എവർട്ടണ് ഇരുപതിമൂന്നുകാരനായ വിങ് ബാക്കിന്റെ വരവ് കരുത്തു വർധിപ്പിക്കാൻ സഹായകരമാവും.