ഇന്ന് സ്വന്തം ആരാധകർക്ക് മുന്നിൽ ഒരു ക്ലാസിക് തിരിച്ചുവരവ് നടത്തി കൊണ്ട് ഇംഗ്ലണ്ട് യൂറോ കപ്പ് സെമിയിലേക്ക് കടന്നു. എക്സ്ട്രാ ടൈം വരെ നീണ്ടു നിന്ന പോരാട്ടത്തിൽ 2-1 എന്ന സ്കോറിനായിരുന്നു ഇംഗ്ലണ്ടിന്റെ വിജയം.
ഇന്ന് ബ്രൈറ്റണിൽ നടന്ന ആദ്യ ക്വാർട്ടർ ഫൈനലിൽ ആരാധകർ ഇംഗ്ലണ്ടിന് ഒപ്പം ആയിരുന്നു എങ്കിലും കളത്തിൽ ഇംഗ്ലണ്ടിന്റെ മികവ് തുടക്കത്തിൽ കാണാൻ ആയില്ല. ഗ്രൂപ്പ് ഘട്ടത്തിൽ ഗോളടിച്ചു കൂട്ടിയ ഇംഗ്ലീഷ് ടീം ആയിരുന്നില്ല ഇന്ന് കണ്ട ഇംഗ്ലണ്ട് ടീം. 67 മിനുട്ടുകൾ വേണ്ടി വന്നു ഇംഗ്ലണ്ടിന് ഇന്ന് ഒരു ഷോട്ട് ടാർഗറ്റിലേക്ക് അടിക്കാൻ. സ്പെയിൻ ആകട്ടെ ഇന്ന് തുടക്കം മുതൽ പന്ത് കൈവശം വെച്ച് പാസ് ചെയ്തു കളിക്കുന്നത് കാണാൻ ആയി.
രണ്ടാം പകുതിയിൽ റയൽ മാഡ്രിഡ് താരം ഡെൽ കാസ്റ്റെയോ സബ്ബായി എത്തിയതോടെ സ്പെയിൻ അറ്റാക്കുകൾക്ക് ശക്തി കൂടി. 54ആം മിനുട്ടിൽ വലതു വിങ്ങിൽ ഡെൽ കാസ്റ്റെയോയുടെ മാന്ത്രിക ചുവടുകൾ ഇംഗ്ലണ്ട് ഡിഫൻസിനെ പുല്ലിൽ ഇരുത്തി. കാസ്റ്റെയോ പെനാൾട്ടി ബോക്സിൽ നിന്ന് നൽകിയ പാസ് അനായസം റയലിന്റെ തന്നെ എസ്തർ ഗോൺസാലസ് വലയിൽ എത്തിച്ചു. സ്പെയിൻ ഒരു ഗോളിന് മുന്നിൽ.
ഇതിനു ശേഷവും ഡെൽ കാസ്റ്റെയോ ഇംഗ്ലണ്ട് ഡിഫൻസിന് ഭീഷണി ആയി തുടർന്നു. മേരി എർപ്സിന്റെ ഒരു വലിയ സേവ് ആണ് കാസ്റ്റെയോ ഗോളിൽ നിന്നും സ്പെയിനെ ലീഡ് ഇരട്ടിയാക്കുന്നതിൽ നിന്നും തടഞ്ഞത്.
നിറയെ മാറ്റങ്ങൾ വരുത്തി ഇംഗ്ലണ്ട് സമനിലക്കായി പൊരുതി. അവസാനം 84ആം മിനുട്ടിൽ സമനില. സബ്ബായി എത്തിയ റുസോ ഒരുക്കിയ അവസരം സബ്ബായി എത്തിയ എല്ലാ ടൂണിലൂടെ ലക്ഷ്യത്തിലേക്ക്. ഇംഗ്ലീഷ് ആരാധകർക്ക് ശ്വാസം തിരികെ കിട്ടിയ നിമിഷം. ഈ ഗോൾ കളി എക്സ്ട്രാ ടൈമിലേക്ക് എത്തിച്ചു.
എക്സ്ട്രാ ടൈമിന്റെ ആറാം മിനുട്ടിൽ ഇംഗ്ലണ്ട് ലീഡ് എടുത്തു. ഇംഗ്ലണ്ട് താരം സ്റ്റാൻവേ തൊടുത്ത റോക്കറ്റ് ആണ് ഇംഗ്ലണ്ടിന് ലീഡ് നൽകിയത്. ഈ ടൂർണമെന്റ് കണ്ട എറ്റവും മികച്ച ഗോളായി മാറിയേക്കാവുന്ന ഗോളായിരുന്നു ഇത്. സ്കോർ 2-1. ഈ ഗോൾ വിജയ ഗോളായി മാറി.
സ്വീഡനും ബെൽജിയവും തമ്മിലുള്ള മത്സരത്തിലെ വിജയികളെ ആകും ഇംഗ്ലണ്ട് സെമി ഫൈനലിൽ നേരിടുക.