വൻ തുക മുടക്കി താരങ്ങളെ എത്തിക്കുന്നത് അയക്സ് തുടരുന്നു. സ്കോട്ടിഷ് ക്ലബ്ബ് ആയ റേഞ്ചേഴ്സിന്റെ പ്രതിരോധ താരം കാൽവിൻ ബാസിയെയാണ് അയാക്സ് റാഞ്ചാൻ ഒരുങ്ങുന്നത്. കൈമാറ്റം സംബന്ധിച്ച് ഇരു ടീമുകളും ധാരണയിൽ എത്തിയിട്ടുണ്ട്. ഇരുപത്തിരണ്ടു മില്യണിന്റെ അടിസ്ഥാന ഓഫറാണ് സ്കോട്ടിഷ് ടീമിന് അയാക്സ് നൽകുക. റേഞ്ചേഴ്സിന്റെ ചരിത്രതത്തിലെ ഏറ്റവും വലിയ കൈമാറ്റ തുക ആവും ഇത്. കൈമാറ്റം സംബന്ധിച്ച ചർച്ചകൾ നടക്കുന്നതിനാൽ റേഞ്ചേഴ്സിന്റെ പ്രീ സീസൺ മത്സരത്തിൽ ഇരുപതിരണ്ടുകാരനെ ഉൾപ്പെടുത്തിയിരുന്നില്ല. നാല് വർഷത്തെ കരാർ ആണ് അയാക്സ് ബാസിക്ക് നൽകുക. കരാർ ഒരു വർഷത്തേക് കൂടി നീട്ടാനും സാധിക്കും.
2020ലാണ് നൈജീരിയൻ താരം ലെസ്റ്റർ സിറ്റിയിൽ നിന്നും റേഞ്ചേഴ്സിലേക്ക് ചേക്കേറുന്നത്. വെറും രണ്ടര ലക്ഷത്തോളം യൂറോ ആയിരുന്നു കൈമാറ്റ തുക. ആദ്യ സീസണിൽ ടീമിൽ സ്ഥിരക്കാരൻ ആവാൻ കഴിഞ്ഞില്ലെങ്കിലും തുടർന്നുള്ള സീസണിൽ ഇരുപത്തിയൊൻപത് ലീഗ് മത്സരങ്ങൾ ഉൾപ്പടെ ആകെ അൻപത് മത്സരം ടീമിനായി ഇറങ്ങി. താരത്തിന്റെ പ്രകടനം യൂറോപ്പിലെ പല ടീമുകളുടേയും ശ്രദ്ധയാകാർശിച്ചിരുന്നു.
ലിസാൻഡ്രോ മാർട്ടിനസിനെ മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് കൈമാറിയതിന് പിറകെ പകരം മറ്റൊരു മികച്ച താരത്തെ എത്തിക്കാനാണ് അയാക്സ് ശ്രമിച്ചത്. നേരത്തെ അയാക്സിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ കൈമാറ്റ തുകക്കാണ് ടോട്ടനത്തിൽ നിന്നും സ്റ്റീവൻ ബെർഹ്വിനെ ടീമിൽ എത്തിച്ചിരുന്നത്.