കടുത്ത സാമ്പത്തിക പ്രതിസന്ധിയും പ്രക്ഷോഭങ്ങളും ആയി വീർപ്പ് മുട്ടുന്ന ശ്രീലങ്കയിൽ നിന്നു ഏഷ്യാ കപ്പ് മാറ്റിയേക്കും എന്നു സൂചന. ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ യോഗത്തിനു ശേഷമാണ് ഇങ്ങനെ ഒരു നീക്കം ഉണ്ടായത്. അടുത്ത് ഓസ്ട്രേലിയൻ ക്രിക്കറ്റ് ടീമും ആയുള്ള ടെസ്റ്റ്, ഏകദിന, 20-20 സീരീസും നിലവിൽ പാകിസ്ഥാനു എതിരെയുള്ള ടെസ്റ്റ് സീരീസും ശ്രീലങ്ക വിജയകരമായി നടത്തിയിരുന്നു. കഴിഞ്ഞ ആഴ്ച വരെ ഏഷ്യാ കപ്പ് നടത്താൻ ആത്മവിശ്വാസം പ്രകടിപ്പിച്ച ശ്രീലങ്കൻ ബോർഡ് നിലവിൽ ഏഷ്യാ കപ്പ് നടത്താൻ ആവില്ല എന്ന നിലപാട് ആണ് സ്വീകരിക്കുന്നത്. രണ്ടു ടീമുകളെ നോക്കുന്നത് പോലെ ഏഷ്യാ കപ്പിൽ എത്തുന്ന ടീമുകളെ നോക്കാൻ നിലവിലെ ശ്രീലങ്കൻ സാഹചര്യത്തിൽ അവർക്ക് ആവില്ല എന്നാണ് ശ്രീലങ്കൻ ബോർഡ് അറിയിച്ചത്.
കടുത്ത ഇന്ധന ക്ഷാമം ആണ് ശ്രീലങ്കയുടെ പ്രധാന വെല്ലുവിളി, നിലവിൽ സ്വകാര്യ വാഹനങ്ങൾക്ക് ഇന്ധനം നൽകുന്നതിൽ വളരെ അധികം നിയന്ത്രണങ്ങൾ ശ്രീലങ്കൻ ഭരണകൂടം കൊണ്ടു വന്നിട്ടുണ്ട്. ഇന്ധനങ്ങൾ വൈദ്യുതി ഉത്പാദനം പോലുള്ള ആവശ്യങ്ങൾക്ക് ആണ് നിലവിൽ ഉപയോഗിക്കുന്നത്. അതിനാൽ തന്നെ ഏഷ്യാ കപ്പിന് എത്തുന്ന ടീമുകളുടെ വാഹനങ്ങൾക്ക് ആവശ്യമായ ഇന്ധനം നൽകാൻ നിലവിൽ ശ്രീലങ്കക്ക് ആവില്ല. അതേപോലെ പ്രസിഡന്റ്, പ്രധാനമന്ത്രി എന്നിവരുടെ വീടുകൾ പോലും കയറിയുള്ള പ്രക്ഷോഭങ്ങളും അവർക്ക് വെല്ലുവിളിയാണ്. 20-20 ഫോർമാറ്റിൽ ദുബായിലും, ഷാർജയിലും ഓഗസ്റ്റ് 27 മുതൽ സെപ്റ്റംബർ 11 വരെ ഏഷ്യാ കപ്പ് നടക്കും എന്നാണ് നിലവിൽ ലഭിക്കുന്ന വിവരം. ഗ്രൂപ്പ് ഘട്ടത്തിൽ തന്നെ ഇന്ത്യയും പാകിസ്ഥാനും രണ്ടു തവണ ഏഷ്യാ കപ്പിൽ ഏറ്റുമുട്ടും. 2018 ൽ ഏകദിന ഫോർമാറ്റിൽ നടത്തിയ ഏഷ്യാ കപ്പും യു.എ.ഇയിൽ ആയിരുന്നു നടന്നത്.