ഏകദിന ക്രിക്കറ്റിൽ ഏറ്റവും വേഗത്തിൽ 150 വിക്കറ്റുകൾ തികക്കുന്ന ഇന്ത്യൻ ബൗളറായി മാറി മുഹമ്മദ് ഷമി. ഇംഗ്ലണ്ടിനെതിരായ ആദ്യ ഏകദിന മത്സരത്തിൽ 3 വിക്കറ്റ് നേടികൊണ്ടാണ് മുഹമ്മദ് ഷമി ഈ നേട്ടം കൈവരിച്ചത്. മത്സരത്തിൽ 7 ഓവറിൽ 31 റൺസ് വിട്ടുനൽകിയാണ് ഷമി 3 വിക്കറ്റ് സ്വന്തമാക്കിയത്. ഇംഗ്ലണ്ടിനെതിരായ മത്സരം ഷമിയുടെ കരിയറിലെ 80ആം ഏകദിന മത്സരമായിരുന്നു. 97 മത്സരങ്ങളിൽ നിന്ന് 150 വിക്കറ്റുകൾ സ്വന്തമാക്കിയ അജിത് അഗർക്കാരുടെ റെക്കോർഡാണ് ഷമി മറികടന്നത്.
77 മത്സരങ്ങളിൽ നിന്ന് 150 വിക്കറ്റുകൾ വീതം വീഴ്ത്തിയ റഷീദ് ഖാനും മിച്ചൽ സ്റ്റാർക്കുമാണ് അന്തർദേശീയ തലത്തിൽ ഏറ്റവും വേഗത്തിൽ 150 വിക്കറ്റുകൾ വീഴ്ത്തിയ താരങ്ങൾ. 78 മത്സരങ്ങളിൽ നിന്ന് 150 വിക്കറ്റുകൾ വീഴ്ത്തിയ സഖ്ലൈൻ മുഷ്താഖ് ആണ് ഷമിക്ക് മുൻപിൽ 150 വിക്കറ്റ് നേട്ടം സ്വന്തമാക്കിയ മറ്റൊരു താരം.
മത്സരത്തിൽ ജോസ് ബട്ലർ, ബെൻ സ്റ്റോക്സ്, ക്രെയ്ഗ് ഓവർടൺ എന്നിവരുടെ വിക്കറ്റുകളാണ് ഷമി വീഴ്ത്തിയത്. മത്സരത്തിൽ ഇംഗ്ലണ്ടിനെ 110 റൺസിന് ഓൾ ഔട്ട് ആക്കിയ ഇന്ത്യ 10 വിക്കറ്റ് ജയം സ്വന്തമാക്കിയിരുന്നു. 3 വിക്കറ്റ് നേടിയ ഷമിക്ക് പുറമെ 6 വിക്കറ്റ് നേടിയ ജസ്പ്രീത് ബുംറയാണ് ഇന്ത്യയുടെ ജയം അനായാസമാക്കിയത്.