അങ്ങനെ മാഞ്ചസ്റ്റർ യുണൈറ്റഡ് ആരാധകരുടെ കാത്തിരിപ്പിന് അവസാനം. അവർ ഈ സീസണിലെ ആദ്യ സൈനിംഗ് പൂർത്തിയാക്കി. യുവ ഫുൾബാക്ക് ടൈറൽ മലസിയയെ ആണ് മാഞ്ചസ്റ്റർ യുണൈറ്റഡ് സൈൻ ചെയ്തത്. ലിയോൺ മലാസിയയെ സ്വന്തമാക്കി എന്ന് എല്ലാവരും കരുതിയ സമയത്ത് ആണ് മാഞ്ചസ്റ്റർ യുണൈറ്റഡ് ആ ട്രാൻസ്ഫർ ഹൈജാക്ക് ചെയ്ത് താരത്തെ മാഞ്ചസ്റ്ററിലേക്ക് എത്തിച്ചത്.
യുണൈറ്റഡ് സൈനിംഗ് പൂർത്തിയാക്കിയതായി ഫബ്രിസിയോ റൊമാനോ റിപ്പോർട്ട് ചെയ്യുന്നു. മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലകനായി ടെൻ ഹാഗ് എത്തിയ ശേഷമുള്ള ആദ്യ സൈനിംഗ് ആണിത്. താരം നാലു വർഷത്തെ കരാർ യുണൈറ്റഡിൽ ഒപ്പുവെക്കും.
ഫെയനൂർഡിന്റെ താരമായ മലാസിയ യുണൈറ്റഡിലേക്ക് വരാൻ ആഗ്രഹിച്ചത് ട്രാൻസ്ഫറിൽ നിർണായകമായി. ഡച്ച് താരത്തിനായി 18 മില്യൺ യൂറോയോളം മാഞ്ചസ്റ്റർ യുണൈറ്റഡ് നൽകും. 22കാരനായ താരം അവസാന കുറേ വർഷങ്ങളായി ഫെയനൂർഡിന്റെ ഒപ്പം ആണ്. 2008ൽ ആയിരുന്നു മലസിയ ഫെയനൂർഡ് അക്കാദമിയിൽ ചേർന്നത്.
2017ൽ ഫെയനൂർഡിനായി സീനിയർ അരങ്ങേറ്റം നടത്തി. അവിടെ നിന്ന് ഇങ്ങോട്ട് നൂറിൽ അധികം മത്സരങ്ങൾ താരം ഡച്ച് ക്ലബിനായി കളിച്ചു. കഴിഞ്ഞ വർഷം ഡച്ച് ദേശീയ ടീമിനായി അരങ്ങേറ്റം നടത്താനും അദ്ദേഹത്തിനായി.