യുഫേഫ നേഷൻസ് ലീഗിൽ ശക്തരായ ബെൽജിയത്തെ സമനിലയിൽ തളച്ചു വെയിൽസ്. ഇരു ടീമുകളും ഓരോ ഗോൾ വീതം അടിച്ചു മത്സരം സമനിലയിൽ പിരിയുക ആയിരുന്നു. ഗ്രൂപ്പ് എ 4 മത്സരത്തിൽ പന്ത് 60 ശതമാനത്തിൽ അധികം കൈവശം വച്ചത് ബെൽജിയം ആയിരുന്നു എങ്കിലും അവസരങ്ങൾ ഉണ്ടാക്കുന്നതിൽ വെയിൽസ് അത്ര പിന്നിൽ ആയിരുന്നില്ല. തങ്ങളുടെ ആധിപത്യം ഗോൾ ആക്കി മാറ്റുന്നതിൽ ബെൽജിയം പരാജയപ്പെട്ടത് ആണ് മത്സരത്തിൽ കാണാൻ ആയത്. ഗോൾ രഹിതമായ ആദ്യ പകുതിക്ക് ശേഷം ബാത്ശുയായിയും ട്രൊസാർഡും കൂടി നടത്തിയ നീക്കത്തിന് ഒടുവിൽ ബാത്ശുയായിയുടെ പാസിൽ നിന്നു മികച്ച ഗോളിലൂടെ 50 മത്തെ മിനിറ്റിൽ യൂരി ടിലമെൻസ് ബെൽജിയത്തിന് ആദ്യ ഗോൾ സമ്മാനിച്ചു.
തുടർന്ന് നടത്തിയ മുന്നേറ്റങ്ങൾ ഗോൾ ആക്കി മാറ്റാൻ ബെൽജിയത്തിന് ആയില്ല. 86 മത്തെ മിനിറ്റിൽ പകരക്കാരനായി ഇറങ്ങിയ 21 കാരനായ യുവതാരം ബ്രണ്ണൻ ജോൺസൺ വെയിൽസിന് സമനില ഗോൾ സമ്മാനിച്ചു. മികച്ച ടീം ഗോൾ ആയിരുന്നു ഇത്. മറ്റൊരു പകരക്കാരനായ പരിചയസമ്പന്നനായ ആരോൺ റംസിയുടെ പാസിൽ നിന്നായിരുന്നു ബ്രണ്ണൻ ജോൺസന്റെ ഗോൾ. ഇത്തവണ നേഷൻസ് ലീഗിൽ വെയിൽസ് നേടുന്ന ആദ്യ പോയിന്റ് ആണ് ഇത്. വെയിൽസിന് എതിരെ അവരുടെ മൈതാനത്ത് ഇത് വരെ ജയിക്കാൻ ബെൽജിയത്തിന് ആയില്ല എന്ന പതിവ് ഇത്തവണയും തുടർന്നു.