റോളാണ്ട് ഗാരോസിൽ കളികൾ അവസാന ആഴ്ചയിലേക്ക് കടന്നു. ക്വാർട്ടർ ലൈൻഅപ്പ് വ്യക്തമായി കഴിഞ്ഞു. ഇന്ന് വൈകിട്ട് ഇന്ത്യൻ സമയം 6 മണിക്ക് ആദ്യ ക്വാർട്ടർ നടക്കും. ഒരു യൂറോപ്യൻ വീക്ക് ആണ് ഇനി.
അവസാന എട്ട് കളിക്കാരുടെ പോരാട്ടം തുടങ്ങുമ്പോൾ 4 ക്വാർട്ടറിൽ ഏതാകും ആവേശകരം എന്ന് പറയാൻ ബുദ്ധിമുട്ടാകും. എങ്കിലും ഇന്ന് നടക്കുന്ന ആദ്യ ക്വാർട്ടറിൽ ഒരു പൂരത്തിനുള്ള വെടിക്കെട്ട് പ്രതീക്ഷിക്കാം. മൂന്നാം സീഡ് സ്‌വേറെവ് ആറാം സീഡ് അൽക്കറാസിനെയാണ് നേരിടുന്നത്. ഇവർ തമ്മിൽ ഉള്ള റെക്കോര്ഡ് നോക്കുമ്പോൾ 2-1 എന്ന അഡ്വാൻറ്റെജ് സ്‌വേറെവിനാണെങ്കിലും അടുത്ത് നടന്ന സ്പാനിഷ് ഓപ്പണിൽ ഏറ്റുമുട്ടിയപ്പോൾ അത്ഭുത ബാലൻ അൽക്കറാസിനായിരുന്നു ജയം. കളിയിൽ ഒപ്പത്തിനൊപ്പമാണെങ്കിലും ചെറിയ മുൻതൂക്കം അൽക്കറാസിന് തന്നെയാണ്.
നാളെ പുലർച്ചെ നമ്മുടെ സമയം 12.15am ന് നടക്കുന്ന രണ്ടാമത്തെ ക്വാർട്ടറാകും മുൻപ് പറഞ്ഞ പോലെ ഒരു ഫൈനൽ പ്രതീതിയുളവാക്കുന്ന കളി. ഒന്നാം സീഡ് ജോക്കോവിച്ചും, അഞ്ചാം സീഡ് നദാലും തമ്മിൽ. ഇവർ തമ്മിൽ കളിക്കുമ്പോൾ സീഡ് ഒക്കെ എടുത്തു പറയുന്നത് തമാശയല്ലേ സാറെ എന്നു ചോദിച്ചാൽ കുറ്റം പറയാൻ കഴിയില്ല. ഉറക്കമില്ലാത്ത പാരീസ് നഗരത്തിൽ നടക്കുന്ന ഈ പാതിരാ കളി നദാലിന് പിടിച്ചിട്ടില്ല. ക്ലേ കോർട്ടിൽ രാത്രി കളിക്കുന്നത് തീരെ ഇഷ്ടപ്പെടാത്ത നദാൽ നീരസം മറച്ചു വച്ചില്ല. പക്ഷെ മണ്ണിന്റെ മകൻ എന്നറിയപ്പെടുന്ന നദാലിനെ അക്കാരണം കൊണ്ടൊന്നും നിസ്സാരമായി കാണാൻ കഴിയില്ലെന്ന് ജോക്കോവിച്ചിനറിയാം. 21ആം ഗ്രാൻഡ്സ്ലാം നോട്ടമിട്ടു ഇറങ്ങിയ ഈ സെർബിയൻ താരത്തെ എന്ത് വില കൊടുത്തും തോൽപ്പിക്കാൻ നദാൽ ശ്രമിക്കും എന്നുറപ്പ്. പരിക്ക് തടുത്തില്ലെങ്കിൽ ഒരു പൊടിക്ക് സാധ്യത കൂടുതൽ സ്പാനിഷ് ഇതിഹാസത്തിനു തന്നെ.
മൂന്നാമത്തെ ക്വാർട്ടറിൽ സീഡ് ചെയ്യപ്പെടാത്ത ഹോൾഗർ റൂണെയുടെ പേരാണ് ഏറ്റവും ചർച്ച ചെയ്യപ്പെടുക. ഈ ഡാനിഷ് 19കാരൻ ഒരു ഗ്രാൻഡ്സ്ലാം പുതുമുഖം ആണെങ്കിൽ കൂടി, കഴിഞ്ഞ ആറു മാസമായി സീനിയർ സർക്യൂട്ടിൽ അലകൾ സൃഷ്ടിച്ച കളിക്കാരനാണ്. സിസിപ്പാസ് അടക്കം ഉള്ള കളിക്കാരെ തോൽപ്പിച്ചാണ് ഈ റൗണ്ടിൽ കടന്നത്. എതിരാളിയും എട്ടാം സീഡുകാരനുമായ നോർവീജിയൻ കളിക്കാരൻ കാസ്പർ റൂഡും ഒട്ടും മോശക്കാരനല്ല. ഒരു ക്ലേ കോർട്ട് സ്‌പെഷ്യലിസ്റ്റ് ആയി അറിയപ്പെടുന്ന റൂഡ് ഫ്രഞ്ച് ഓപ്പൺ ക്വാർട്ടറിൽ എത്തിയത് എല്ലാവരെയും അത്ഭുതപ്പെടുത്തിയാണ്. എതിരാളികൾ ശക്തരായിട്ടു കൂടി, സ്റ്റാമിനയുടെയും പവർ ഗെയിമിന്റെയും സഹായത്തോടെയാണ് ഈ 23കാരൻ ക്വാർട്ടറിൽ എത്തിയത്. ഇവർ രണ്ടു പേരും അവരവരുടെ രാജ്യങ്ങളിൽ നിന്ന് ഒരു ഗ്രാൻഡ്സ്ലാമിൽ ക്വാർട്ടറിൽ എത്തുന്ന ആദ്യ കളിക്കാരാണ് എന്ന പ്രത്യേകതയുമുണ്ട്. 5 സെറ്റർ ആകുമെന്ന് പ്രതീക്ഷിക്കുന്ന കളിയിൽ പരിചയക്കൂടുതലിന്റെ ഗുണം റൂഡിനാകും.
നാലാം ക്വാർട്ടറിൽ കളിക്കുന്ന 20ആം സീഡ്കാരൻ ചിലിച്ചിന്റെ കാര്യം രസകരമാണ്. പന്തളത്തു ചെന്നപ്പോൾ പന്തം കൊളുത്തി പട എന്നു പറഞ്ഞ പോലെ, നാലാം റൗണ്ടിൽ ഇത്തവണ ഫ്രഞ്ച് ഓപ്പണിൽ ഏറെ സാധ്യത കല്പിച്ചിരുന്ന മൂന്നാം സീഡായ റഷ്യൻ താരം മെഡ്വേദേവിനെ തോൽപ്പിച്ചു വന്നപ്പോൾ ക്വാർട്ടറിൽ മറ്റൊരു റഷ്യൻ താരം ഏഴാം സീഡുള്ള റൂബ്‌ലെവ്. തമ്മിൽ തട്ടിച്ചു നോക്കുമ്പോൾ റൂബ്‌ലെവിനാകും സാധ്യത എന്നു പറയുമെങ്കിലും, ചിലിച്ചിനെ എഴുതി തള്ളാൻ ആകില്ല, ഒരു പടക്കുതിരയാണ്. അവസാന അസ്ത്രവും തീരുന്ന വരെ അപകടം സൃഷ്ടിക്കാൻ കഴിവും പരിചയവുമുള്ള കളിക്കാരൻ.
ഇതു പോലൊരു ക്വാർട്ടർ ലൈൻഅപ്പ് അടുത്ത കാലത്തൊന്നും കണ്ടിട്ടില്ല. ഈ രാത്രി കഴിഞ്ഞു സൂര്യൻ ഉദിക്കുമ്പോൾ നമ്മളറിയും, പരിചയത്തിനാണോ ചെറുപ്പത്തിനാണോ സെമിയിൽ ആൾ ബലം എന്നു. എന്തായാലും ഉറക്കമൊഴിക്കാൻ തയ്യാറായിക്കൊള്ളൂ, ടെന്നിസിന് ഇത് മറക്കാനാവാത്ത രാവാകും.