മുംബൈയ്ക്കെതിരെ നിര്‍ണ്ണായകമായ മത്സരത്തിൽ റണ്ണടിച്ച് കൂട്ടി സൺറൈസേഴ്സ് ഹൈദ്രാബാദ്. രാഹുല്‍ ത്രിപാഠി, പ്രിയം ഗാര്‍ഗ്, നിക്കോളസ് പൂരന്‍ എന്നിവരുടെ തകര്‍പ്പന്‍ ബാറ്റിംഗ് പ്രകടനം ആണ് സൺറൈസേഴ്സിനെ മികച്ച സ്കോറിലേക്ക് നയിച്ചത്. 172/2 എന്ന നിലയിൽ നിന്ന് 3 റൺസ് എടുക്കുന്നതിനിടെ 3 വിക്കറ്റ് വീണതാണ് സൺറൈസേഴ്സിന്റെ 200 കടക്കുവാനുള്ള മോഹങ്ങള്‍ക്ക് തിരിച്ചടിയായത്. 6 വിക്കറ്റ് നഷ്ടത്തിൽ 193 റൺസാണ് സൺറൈസേഴ്സ് നേടിയത്.
മൂന്നാം ഓവറിൽ അഭിഷേക് ശര്‍മ്മയെ(9) നഷ്ടമാകുമ്പോള്‍ സൺറൈസേഴ്സ് 18 റൺസായിരുന്നു നേടിയത്. പിന്നീട് പ്രിയം ഗാര്‍ഗ് – രാഹുല്‍ ത്രിപാഠി കൂട്ടുകെട്ട് 78 റൺസ് രണ്ടാം വിക്കറ്റിൽ നേടിയപ്പോള്‍ 26 പന്തിൽ 42 റൺസുമായി പ്രിയം ഗാര്‍ഗ് ആണ് പുറത്തായത്. തനിക്ക് ഈ സീസണില്‍ ലഭിച്ച ആദ്യ അവസരം തന്നെ താരം മുതലാക്കുകയായിരുന്നു.
രാഹുല്‍ ത്രിപാഠിയ്ക്ക് കൂട്ടായി എത്തിയ നിക്കോളസ് പൂരനും അടി തുടങ്ങിയപ്പോള്‍ 76 റൺസ് ഈ കൂട്ടുകെട്ട് മൂന്നാം വിക്കറ്റിൽ നേടി. 17ാം ഓവറിൽ പൂരന്‍ പുറത്താകുമ്പോള്‍ താരം 22 പന്തിൽ 38 റൺസാണ് നേടിയത്. തൊട്ടടുത്ത ഓവറിൽ രാഹുല്‍ ത്രിപാഠിയും പുറത്തായപ്പോള്‍ സൺറൈസേഴ്സ് 174/4 എന്ന നിലയിലായിരുന്നു. 44 പന്തിൽ 76 റൺസാണ് ത്രിപാഠി നേടിയത്.
അതോ ഓവറിൽ എയ്ഡന്‍ മാര്‍ക്രത്തെയും വീഴ്ത്തി രമൺദീപ് സിംഗ് മത്സരത്തിലെ തന്റെ മൂന്നാം വിക്കറ്റ് സ്വന്തമാക്കി. ഒരു ഘട്ടത്തിൽ 200ന് മേലെ സ്കോര്‍ സൺറൈസേഴ്സ് നേടുമെന്ന നിലയിൽ നിന്ന് മുംബൈ ഇന്ത്യന്‍സ് ബൗളര്‍മാര്‍ ശക്തമായ തിരിച്ചുവരവ് നടത്തി 193 എന്ന സ്കോറിൽ എതിരാളികളെ ഒതുക്കുകയായിരുന്നു.