മാഞ്ചസ്റ്റർ സിറ്റി ലീഗ് കിരീടത്തോട് വളരെ വളരെ അടുത്തിരിക്കുകയാണ്. ഇന്ന് അവർ വോൾവ്സിനെ പരാജയപ്പെടുത്തിയതോടെ രണ്ട് മത്സരങ്ങളിൽ നിന്ന് നാലു പോയിന്റ് നേടിയാൽ കിരീടം നേടാൻ കഴിയുന്ന നിലയിലേക്ക് മാഞ്ചസ്റ്റർ സിറ്റി എത്തി. ഇന്ന് വോൾവ്സിനെ ഒന്നിനെതിരെ അഞ്ചു ഗോളുകൾക്കാണ് മാഞ്ചസ്റ്റർ സിറ്റി പരാജയപ്പെടുത്തിയത്. നാലു ഗോളുകൾ നേടി ഡി ബ്രുയിനെ ഇന്ന് കളിയിലെ താരമായി മാറി.
ഇന്ന് ആദ്യ 24 മിനുട്ടുകളിൽ തന്നെ ഹാട്രിക്ക് നേടിക്കൊണ്ട് കളി ഡി ബ്രുയിനെ വോൾവ്സിൽ നിന്ന് അകറ്റിയിരുന്നു. ഏഴാം മിനുട്ടിൽ ആയിരുന്നു ഡി ബ്രുയിനെ ഗോളടി തുടങ്ങിയത്. 11ആം മിനുട്ടിലെ ഡെഡെങ്കോറുടെ ഗോൾ സിറ്റിയെ ഒരു നിമിഷം ഭയപ്പെടുത്തി എങ്കിലും കാര്യങ്ങൾ അത്ര പ്രശനമാകാതെ നോക്കാൻ സിറ്റിക്ക് ആയി. 16ആം മിനുട്ടിലും 24ആം മിനുട്ടിലും ഡി ബ്രുയിനെ പന്ത് വലയിൽ എത്തിച്ചതോടെ കളി 3-1 എന്നായി.
രണ്ടാം പകുതിയിൽ 60ആം മിനുട്ടിൽ വീണ്ടും ഡിബ്രുയിനെ വല കുലുക്കി. സിറ്റിക്കും ഡിബ്രുയിനും നാല് ഗോളുകൾ ആയി. അവസാനം സ്റ്റെർലിംഗ് ഒരു ടാപിന്നിലൂടെ സിറ്റിയുടെ അഞ്ചാം ഗോളും നേടി. ഈ വിജയത്തോടെ മാഞ്ചസ്റ്റർ സിറ്റിക്ക് 36 മത്സരങ്ങളിൽ നിന്ന് 89 പോയിന്റായി. ലിവർപൂളിന് 86 പോയിന്റാണ് ഉള്ളത്. ഇനി രണ്ട് മത്സരങ്ങൾ ജയിച്ചാലും ലിവർപൂളിന് പരാമവധി 92 പോയിന്റ് മാത്രമെ ആവുകയുള്ളൂ. സിറ്റിക്ക് ലിവർപൂളിനെക്കാൾ +9 ഗോൾഡിഫറൻസും ഉണ്ട് എന്നത് സിറ്റിയുടെ കിരീട സാധ്യതകൾ വർധിപ്പിക്കുന്നു.