11 വർഷങ്ങൾക്ക് ശേഷം മാഞ്ചസ്റ്റർ യുണൈറ്റഡ് എഫ് എ യൂത്ത് കപ്പ് കിരീടത്തിൽ മുത്തമിട്ടു. ഇന്ന് നടന്ന ഫൈനലിൽ നോട്ടിങ്ഹാം ഫോറസ്റ്റിനെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് പരാജയപ്പെടുത്തി കൊണ്ടാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് കിരീടം നേടിയത്. ഓൾഡ്ട്രഫോർഡിൽ നിറഞ്ഞ സ്റ്റേഡിയത്തിന് മുന്നിൽ നടന്ന മത്സരത്തിൽ ഫോറസ്റ്റിന്റെ വലിയ പോരാട്ടം മറികടന്നാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് വിജയിച്ചത്.
ഇരട്ട ഗോളുകളുമായി അർജന്റീനൻ യുവതാരം അലഹാന്ദ്രോ ഗർനാചോ ആണ് ഇന്ന് മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഹീറോ ആയത്. ഇന്ന് 13ആം മിനുട്ടിൽ ക്യാപ്റ്റൻ ബെന്നെറ്റ് ആണ് മാഞ്ചസ്റ്റർ യുണൈറ്റഡിന് ലീഡ് നൽകിയത്. ഇതിന് ആദ്യ പകുതിയിൽ തന്നെ നോട്ടിങ്ഹാം ഫോറസ്റ്റ് മറുപടി നൽകി. രണ്ടാം പകുതിയിൽ ഒരു പെനാൾട്ടിയിൽ നിന്നാണ് ഗർനാചോ വീണ്ടും യുണൈറ്റഡിന് ലീഡ് നൽകിയത്. ഗർനാചോ തന്നെ നേടിയ പെനാൾട്ടി താരം അനായാസം വലയിൽ എത്തിക്കുക ആയിരുന്നു. ആ പെനാൾട്ടി തെറ്റായ തീരുമാനം ആയിരുന്നു എന്ന് റീപ്ലേകളിൽ വ്യക്തമായിരുന്നു. വാർ ഇല്ലാത്തതിനാൽ പെനാൾട്ടി നിഷേധിക്കപ്പെട്ടില്ല.
പിന്നാലെ 94ആം മിനുട്ടിൽ ഗർനാചോ വീണ്ടും വല കുലുക്കിയതോടെ യുണൈറ്റഡ് 11ആം എഫ് എ യൂത്ത് കപ്പ് കിരീടത്തിൽ മുത്തമിട്ടു. ഏറ്റവും കൂടുതൽ എഫ് എ യൂത്ത് കപ്പ് നേടിയ ടീമാണ് മാഞ്ചസ്റ്റർ യുണൈറ്റഡ്. ടൂർണമെന്റിൽ ഏഴ് ഗോളുകൾ നേടിയ ഗർനാചോ തന്നെയാണ് യുണൈറ്റഡിന്റെ കിരീട നേട്ടത്തെ മുന്നിൽ നിന്ന് നയിച്ചത്.