ഐ ലീഗിൽ ഗോകുലം കേരളക്ക് വീണ്ടും വിജയം. രണ്ടാം ഘട്ടത്തിലെ ആദ്യ മത്സരത്തിൽ പഞ്ചാബ് എഫ് സിയെ നേരിട്ട ഗോകുലം കേരള എതിരില്ലാത്ത രണ്ടു ഗോളുകൾക്കാണ് വിജയിച്ചത്. ഈ വിജയത്തോടെ ഗോകുലം കേരള ഐ ലീഗിൽ പുതിയ റെക്കോർഡ് കുറിച്ചു. ഗോകുലം 18 മത്സരങ്ങൾ അപരാജിതരായി പൂർത്തിയാക്കി. ഇത് ഐ ലീഗിലെ പുതിയ റെക്കോർഡാണ്. 12 വർഷം മുമ്പ് ചർച്ചിൽ ബ്രദേഴ്സ് തീർത്ത 17 മത്സരങ്ങൾ അപരാജിതർ എന്ന റെക്കോർഡ് ആണ് ഗോകുലം മറികടന്നത്.
ഇന്ന് ആദ്യ പകുതിയിൽ 17ആം മിനുട്ടിൽ ഒരു മിന്നൽ വേഗതയിൽ ഉള്ള കൗണ്ടർ അറ്റാക്കാണ് ഗോകുലത്തിന് ലീഡ് നൽകിയത്. എമിലും ജിതിനു ചേർന്ന് തുടങ്ങിയ അറ്റാക്ക് ഫ്ലച്ചറിലൂടെ ഗോളായി മാറുക ആയിരുന്നു. രണ്ടാം പകുതിയിൽ സബ്ബായി എത്തിയ ശ്രീകുട്ടൻ ആണ് ഗോകുലത്തിന് രണ്ടാം ഗോളും വിജയവും ഉറപ്പിച്ച് നൽകിയത്.
ഈ വിജയത്തോടെ ഗോകുലം കേരള 13 മത്സരങ്ങളിൽ 33 പോയിന്റുമായി ലീഗിൽ ഒന്നാമത് നിൽക്കുന്നു. മൊഹമ്മദൻസ് 26 പോയിന്റുമായി രണ്ടാമത് നിൽക്കുന്നു. ഇനി രണ്ടാം ഘട്ടത്തിൽ 5 മത്സരങ്ങൾ കൂടെ ഗോകുലം കളിക്കും. നാലു വിജയങ്ങൾ കൂടെ ലഭിച്ചാൽ ഗോകുലത്തിന് കിരീടം ഉറപ്പിക്കാം.