സമീപ കാലത്ത് ലെവന്റെ ബാഴ്സലോണക്ക് സ്ഥിരം തലവേദന ആണ്. ഇന്നും ലെവന്റെ ബാഴ്സലോണയ്ക്ക് എതിരെ വലിയ പോരാട്ടം തന്നെ നടത്തി. എങ്കിലും അവസാനം ഇഞ്ച്വറി ടൈമിലെ ഒരു ഗോളിന്റെ ബലത്തിൽ ബാഴ്സലോണ 3-2ന്റെ വിജയം നേടി.
ഇന്ന് ഗോൾ ഇല്ലാത്ത ആദ്യ പകുതി ആയിരുന്നു എങ്കിലും കൗണ്ടറുകളിലൂടെ ലെവന്റെ ബാഴ്സലോണയെ നിരന്തരം പരീക്ഷിച്ചിരുന്നു. രണ്ടാം പകുതിയുടെ തുടക്കത്തിൽ ഇത്തരത്തിൽ ഒരു അറ്റാക്ക് ലെവന്റയ്ക്ക് ഒരു പെനാൾട്ടി നേടിക്കൊടുത്തു. 52ആം മിനുട്ടിൽ ലഭിച്ച പെനാൾട്ടി മൊറാലസ് വലയിൽ എത്തിച്ച് ലെവന്റയ്ക്ക് ലീഡ് നൽകി. പിന്നാലെ 56ആം മിനുട്ടിൽ വീണ്ടും ലെവന്റയ്ക്ക് പെനാൾട്ടി ലഭിച്ചു. ഈ പെനാൾട്ടി എടുത്തത് മാർട്ടി ആയിരുന്നു. മാർട്ടിയുടെ പെനാൾട്ടി ടെർ സ്റ്റേഗൻ തടഞ്ഞ് ബാഴ്സലോണക്ക് ആശ്വാസം നൽകി.
പിന്നാലെ പെഡ്രിയും ഗവിയും സബ്ബായി കളത്തിൽ എത്തി. ഇതിന് ശേഷം ബാഴ്സയുടെ അറ്റാക്കിന് ശക്തി കൂടി. 59ആം മിനുട്ടിൽ വലതു വിങ്ങിലൂടെ ഡെംബലെ നൽകിയ ക്രോസ് ഒബാമയങ്ങ് ഹെഡ് ചെയ്ത് വലയിൽ എത്തിച്ചു. ബാഴ്സക്ക് സമനില. പിന്നാലെ 63ആം മിനുട്ടിൽ ബാഴ്സലോണ യുവതാരങ്ങളുടെ മുന്നേറ്റം. ഗവി ലെവന്റെ ഡിഫൻസിനെ ഡ്രിബിൾ ചെയ്ത് അകറ്റി കൊണ്ട് നടത്തിയ മൂവിന് ഒടുവിൽ പെഡ്രിക്ക് പന്ത് നൽകി. പെഡ്രിയുടെ ഫസ്റ്റ് ടച്ച് ഷോട്ട് വലയിൽ. ബാഴ്സലോണ 2-1ന് മുന്നിൽ.
ലെവന്റെ പിന്നിലായതിനു ശേഷം കൂടുതൽ അറ്റാക്ക് നടത്തി. അവർക്ക് 83ആം മിനുട്ടിൽ വീണ്ടും ഒരു പെനാൾട്ടി കൂടെ ലഭിച്ചു. ഇത്തവണ മെലെരോ ആണ് പെനാൾട്ടി എടുത്തു. പന്ത് ലക്ഷ്യത്തിൽ എത്തുകയും ചെയ്തു. സ്കോർ 2-2.
സാവി ഇതോടെ ഒബാമയങ്ങിനെ പിൻവലിച്ച് ഡിയോങ്ങിനെ ഇറക്കി ബാഴ്സലോണയുടെ ഈ സബ്ബും ഫലിച്ചു. 93ആം മിനുട്ടിൽ ആൽബയുടെ ഒരു ക്രോസിന് ഹെഡ് വെച്ച് ഡിയോങ്ങ് ബാഴ്സലോണക്ക് വിജയം നൽകി.
30 മത്സരങ്ങളിൽ നിന്ന് 60 പോയിന്റുമായി ബാഴ്സലോണ ലീഗിൽ രണ്ടാമത് തന്നെ നിൽക്കുന്നു.