യൂറോപ്പ ലീഗിന്റെ ആദ്യ പാദ മത്സരത്തിൽ ബാഴ്സലോണയും ഫ്രാങ്ക്ഫർടും 1-1ന്റെ സമനിലയിൽ പിരിഞ്ഞു.സമീപകാലത്തായി ബാഴ്സലോണ നല്ല പ്രകടനങ്ങളാണ് കാഴ്ചവെച്ച് പോന്നിരുന്നത് എങ്കിലും ഇന്ന് ജർമ്മനിയിൽ ബാഴ്സലോണക്ക് അത്ര നല്ല രാത്രി ആയിരുന്നില്ല. തുടക്കം മുതൽ പാസിംഗ് പോലും പതിവ് താളത്തിൽ എത്താതിരുന്ന ബാഴ്സലോണയെ ആണ് ഇന്ന് കണ്ടത്. ഫ്രാങ്ക്ഫർട് ആകട്ടെ ഇടവിട്ട് ഇടവിട്ട് അവസരങ്ങൾ സൃഷ്ടിച്ചു കൊണ്ടിരുന്നു. അവർക്ക് ഫിനിഷിങിൽ നിലവാരം പുലർത്താനാവാതിരുന്നത് ബാഴ്സക്ക് ആദ്യ പകുതിയിൽ രക്ഷയായി.
ആദ്യ പകുതിയിൽ ബുസ്കറ്റ്സിന്റെ ഒരു ടാക്കിൽ ഫ്രാങ്ക്ഫർടിന് അനുകൂലമായ പെനാൾട്ടി ആയി മാറിയിരുന്നു. എന്നാൽ വി എ ആർ പരിശോധനയിൽ ആ പെനാൾട്ടി തെറ്റായ തീരുമാനമാണെന്ന് വിധി ഉണ്ടായി.
രണ്ടാം പകുതിയുടെ തുടക്കത്തിൽ ആയിരുന്നു ഫ്രാങ്ക്ഫർടിന്റെ ഗോൾ വന്നത്. ഒരു സെറ്റ് പീസ് ഡിഫൻഡ് ചെയ്യാനായി ബാഴ്സലോണ ഡിഫൻസ് മുഴുവൻ പെനാൾട്ടി ബോക്സിൽ ഉണ്ടായിരിക്കെ ബോക്സിന് പുറത്ത് നിന്ന് ഒരു ഇടം കാലൻ സ്ട്രൈക്കിലൂടെ അൻസ്നഗർ ക്നൗഫ് ആണ് ടെർ സ്റ്റേഗനെ വീഴ്ത്തിയത്.
ഈ ഗോളിന് ശേഷവും ഫ്രാങ്ക്ഫർട് ഗോളവസരങ്ങൾ സൃഷ്ടിക്കുന്നത് തുടർന്നു. എന്നാൽ ഡെംബലെയെയും ഡിയോങ്ങിനെയും സബ്ബായി എത്തിച്ച ബാഴ്സലോണ നീക്കം വിജയിച്ചു. ഇരുവരും ചേർന്ന് നടത്തിയ അറ്റാക്കിന് ഒടുവിൽ ഫെറാൻ ടോറസിലൂടെ ബാഴ്സലോണ സമനില നേടി. 66ആം മിനുട്ടിൽ സ്കോർ 1-1.
പിന്നീട് 78ആം മിനുട്ടിൽ ഫ്രാങ്ക്വർട് താരം ടുറ്റ ചുവപ്പ് കണ്ട് പുറത്ത് പോയി. എങ്കിലും കളി സമനിലയിൽ തന്നെ നിർത്താൻ അവർക്ക് ആയി.
രണ്ടാം പാദ ക്വാർട്ടർ അടുത്ത ആഴ്ച ബാഴ്സലോണയിൽ വെച്ച് നടക്കും.