ഐപിഎലില്‍ ഇന്നത്തെ മത്സരത്തിൽ സൺറൈസേഴ്സിനെതിരെ ലക്നൗവിന് തുടക്കം പിഴച്ചുവെങ്കിലും നാലാം വിക്കറ്റ് കൂട്ടുകെട്ടിൽ ശക്തമായ തിരിച്ചുവരവാണ് കെഎൽ രാഹുലും ദീപക് ഹൂഡയും ചേര്‍ന്ന് നേടിയത്. ഇരുവരുടെയും അര്‍ദ്ധ ശതകങ്ങളുടെ ബലത്തിൽ 169 റൺസാണ് ലക്നൗ സ്വന്തമാക്കിയത്.
വാഷിംഗ്ടൺ സുന്ദര്‍ ക്വിന്റൺ ഡി കോക്കിനെയും എവിന്‍ ലൂയിസിനെയും പുറത്താക്കിയപ്പോള്‍ റൊമാരിയോ ഷെപ്പേര്‍ഡ് മനീഷ് പാണ്ടേയെയും പുറത്താക്കിയപ്പോള്‍ ലക്നൗ 27/3 എന്ന നിലയിലേക്ക് വീണു.
ഹൂഡയും രാഹുലും ചേര്‍ന്ന് 87 റൺസാണ് നാലാം വിക്കറ്റിൽ നേടിയത്. അതിവേഗത്തിൽ സ്കോറിംഗ് നടത്തിയ ദീപക് ഹൂഡയാണ് ആദ്യം അര്‍ദ്ധ ശതകം തികച്ചത്. ഹൂഡ 33 പന്തിൽ 51 റൺസ് നേടിയപ്പോള്‍ താരത്തെ റൊമാരിയോ ഷെപ്പേർഡ് പുറത്താക്കി.
ഹൂഡ പുറത്തായ ശേഷം ഗിയര്‍ മാറ്റിയ രാഹുല്‍ ആയുഷ് ബദോനിയുമായി ചേര്‍ന്ന് 30 റൺസാണ് അഞ്ചാം വിക്കറ്റിൽ നേടിയത്. 50 പന്തിൽ 68 റൺസ് നേടിയ രാഹുലിനെ നടരാജന് വിക്കറ്റിന് മുന്നിൽ കുടുക്കുകയായിരുന്നു. 19 റൺസ് നേടിയ ആയുഷ് ബദോനി അവസാന പന്തിൽ റണ്ണൗട്ടായപ്പോള്‍ 7 വിക്കറ്റ് നഷ്ടത്തിൽ ലക്നൗ 169 റൺസാണ് നേടിയത്.